CrimeNEWS

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ പോലീസ് മര്‍ദനം; എഫ്.ഐ.ആറില്‍ പ്രതിയെ ‘അജ്ഞാതനാ’ക്കി പോലീസ്

തിരുവനന്തപുരം: സ്‌കൂള്‍ മൈതാനത്ത് ടെന്റ് കെട്ടാനെത്തിയ ഭിന്നശേഷിക്കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി. എന്നാല്‍, പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനായ പ്രതിയുടെ മേല്‍വിലാസമടക്കം നല്‍കിയിട്ടും ആളെ അജ്ഞാതനാക്കി പോലീസ് എഫ്.ഐ.ആറില്‍തിരിമറി കാട്ടിയെന്ന് ആരോപണം.

അമരവിള എല്‍.എം.എസ്. ഹൈസ്‌കൂളിലെ വിദ്യാര്‍ഥി പ്ലാമൂട്ടുക്കട ഞാറക്കാല ഏദന്‍ ഹൗസില്‍ ക്രിസ്തുരാജിന്റെ മകന്‍ ബിജോയ് രാജാണ് (16) മര്‍ദനമേറ്റതായി പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പരിപാടിക്കായി ടെന്റ് കെട്ടുന്നതിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ഈ സമയം സ്‌കൂള്‍ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന പ്രദേശവാസികള്‍ വിദ്യാര്‍ഥികളെ ഓടിച്ചുവിട്ടു. ഇതിനിടെ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് വന്ന പന്ത് എടുക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനും വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഇയാള്‍ ബിജോയ് രാജിനെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Signature-ad

ബിജോയി വീട്ടിലെത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥതയുണ്ടായി. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദനമേറ്റ വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. ബിജോയിയെ രക്ഷിതാക്കള്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. രക്ഷിതാക്കള്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

തുടര്‍ന്ന് പോലീസ് കേസെടുത്തെങ്കിലും എഫ്.ഐ.ആറില്‍ പ്രതിയുടെ മേല്‍വിലാസത്തിന് പകരം അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതില്‍ ദുരൂഹതയുള്ളതായാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബാലാവകാശ കമ്മിഷനും രക്ഷിതാക്കള്‍ പരാതി നല്‍കി.

Back to top button
error: