കൊച്ചി: പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദര്‍ശനം വാര്‍ത്തയാകുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു വിശുദ്ധപദവി നല്‍കണമെന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങ്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവി സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി.
അചഞ്ചലമായ ദൈവവിശ്വാസത്തില്‍ അടിയുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ജനമനസ്സില്‍ വിശുദ്ധനാക്കപ്പെട്ടുവെന്ന് വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹത്തെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ തനിക്കറിയില്ല. ഇക്കാര്യത്തില്‍ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തില്‍ നിന്നാണെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍, ഓര്‍ത്തഡോക്സ് സഭ അല്‍മായരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ സംഭവങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരികത്തിക്കാന്‍ തിക്കുംതിരക്കും; ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ
സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്റെ വാക്കുകള്‍. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തില്‍ അല്‍മായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ ആലഞ്ചേരിയുടെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.