KeralaNEWS

എറണാകുളം-ബംഗളൂരു ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണം

കോട്ടയം:എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്സ്‌പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം.ഒരു വർഷം മുൻപ് കോട്ടയം റെയില്‍വേ സ്‌റ്റേഷൻ നവീകരിച്ചെങ്കിലും ഇവിടെ നിന്നും ഒരു ട്രെയിന്‍ പോലും പുതുതായി അനുവദിച്ചിട്ടില്ല.നിലവിൽ ആറ് പ്ലാറ്റ്ഫോമുകളാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്.

കോട്ടയം റൂട്ടിൽ ഇരട്ടപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും ഒരു വർഷം പിന്നിടുകയാണ്.അന്ന് തൊട്ടേയുള്ള ആവശ്യമാണ് ഇവിടെ നിന്നും ബംഗളൂരുവിലേക്ക് ഒരു പുതിയ ട്രെയിൻ അനുവദിക്കണമെന്നത്.മധ്യ കേരളത്തില്‍ നിന്നും വളരെയധികം യാത്രക്കാരുള്ള ഒരു സ്ഥലമാണ് ബംഗളൂരു.ഇവിടേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാൻ സാധിക്കില്ലെങ്കിൽ തന്നെ ദിവസേന എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ കോട്ടയത്തേക്ക്‌ നീട്ടി സര്‍വീസ്‌ നടത്താവുന്നതേയുള്ളൂ.നിലവിലെ സ്‌റ്റോപ്പുകള്‍ ഉപയോഗപ്പെടുത്തി സമയനഷ്‌ടം കൂടാതെ തന്നെ ഈ സര്‍വീസ്‌ റെയില്‍വേക്ക്‌ നടത്താന്‍ സാധിക്കും.

വന്ദേഭാരതിനു ശേഷം രാവിലെ 7.45 ന്‌ കോട്ടയത്ത്‌ നിന്നും സര്‍വീസ്‌ ആരംഭിച്ച്‌ വൈക്കത്ത്‌ 8.10നും തൃപ്പൂണിത്തുറ 8.35 നും എത്തി 9.05ന്‌ എറണാകുളം ടൗണിലെത്തി നിലവിലെ സമയത്ത് തന്നെ സര്‍വീസ്‌ നടത്താവുന്നതേയുള്ളൂ. വൈകിട്ട്‌ 4.50ന്‌ എറണാകുളം ടൗണില്‍ നിന്നും പുറപ്പെട്ട്‌ 5.10ന്‌ തൃപ്പൂണിത്തുറയിലും 5.30ന്‌ വൈക്കത്തും 6ന്‌ കോട്ടയവും എത്തുന്ന വിധത്തിലും സര്‍വീസ്‌ പുനക്രമീകരിക്കാവുന്നതേയുള്ളൂ.

Signature-ad

നിലവില്‍ വൈകിട്ട്‌ 5 മുതല്‍ പിറ്റേന്ന്‌ രാവിലെ 9 വരെ പതിനാറു മണിക്കൂറോളം വെറുതെ എറണാകുളത്ത്‌ കിടക്കുന്ന ട്രെയിന്‍ കോട്ടയത്തേക്ക്‌ നീട്ടിയാല്‍ ബംഗളൂരുവിലേക്ക്‌ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരങ്ങള്‍ക്ക്‌ ഉപകാരപ്രദമായിരിക്കും.

നിലവില്‍ കോട്ടയത്ത്‌ നിന്ന്‌ രാവിലെ 6:58ന്‌ പാലരുവി എക്‌സ്‌പ്രസ്‌ പോയി കഴിഞ്ഞാല്‍ 8:25ന്‌ വരുന്ന വേണാട്‌ എക്‌സ്‌പ്രസ്‌ ആണ്‌ കോട്ടയത്ത്‌ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍. ഇതിനിടയില്‍ 07:27ന്‌ വന്ദേ ഭാരത്‌ എക്‌സ്‌പ്രസ്‌ കടന്ന്‌ പോകുന്നതിനാല്‍ മുന്നേ പോകുന്ന പാലരുവി എക്‌സ്‌പ്രസ്‌ 25 മിനിറ്റോളം മുളന്തുരുത്തി സ്‌റ്റേഷനില്‍ പിടിച്ചിടുകയാണ്‌. വേണാട്‌ എകസ്‌പ്രസ്‌ ആകട്ടെ ദിവസവും അരമണിക്കൂറോളം വൈകിയാണു കോട്ടയത്ത്‌ എത്തുന്നത്‌. ദിനംപ്രതി നൂറുകണക്കിന്‌ യാത്രക്കാരാണ്‌ ഹൈക്കോടതി, എയര്‍പോര്‍ട്ട്‌, പോര്‍ട്ട്‌ ട്രസ്‌റ്റ്‌, ഫാക്‌ട്‌, ഇന്‍ഫോപാര്‍ക്ക്‌, കൊച്ചി കപ്പല്‍ശാല, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ബാങ്കുകള്‍, കോടതികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി നിരവധിയായ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുടങ്ങി വിവിധ സ്‌ഥലങ്ങളിലേക്കായി ട്രെയിനിനെ ആശ്രയിക്കുന്നത്‌. ഇവരില്‍ ഭൂരിഭാഗവും മുന്‍കൂര്‍ പണമടച്ചു സീസണ്‍ ടിക്കറ്റ്‌ എടുത്ത പ്രതിദിന യാത്രക്കാരാണ്‌. വന്ദേ ഭാരത്‌ പ്രീമിയം ട്രെയിന്‍ ആയതിനാല്‍ സാധാരണക്കാരായ സ്‌ഥിരം യാത്രക്കാര്‍ക്ക്‌ ഇത് പ്രയോജനപ്പെടില്ല.

 രാവിലെ 7.30നും 9 നുമിടയില്‍ ഒരു മെമു സര്‍വീസ്‌ എറണാകുളത്തേക്ക്‌ അനുവദിക്കണമെന്ന്‌ യാത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ മെമു റേക്കുകള്‍ ഇല്ലാത്തതും എറണാകുളം ജംഗ്‌ഷനില്‍ പ്ലാറ്റ്‌ഫോം ഒഴിവില്ല എന്നും പറഞ്ഞു ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ പുതിയ ട്രെയിന്‍ ഇല്ലാതെ തന്നെ ബംഗളൂരു ഇന്റര്‍സിറ്റി കോട്ടയത്തേക്കു നീട്ടി ഈ പ്രശ്‌നം പരിഹരിക്കാമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Back to top button
error: