കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരില്‍ ഒരുങ്ങുന്നു. കൈത്തറി കുര്‍ത്തയ്ക്കായുളള തുണിയാണ് മേലെ ചൊവ്വയിലെ ലോക്‌നാഥ് കൈത്തറി സംഘത്തില്‍ നെയ്‌തെടുക്കുന്നത്. ഓണക്കോടി തയ്യാറാക്കുന്ന തിരക്കിലാണ് ബിന്ദു. പത്തു ദിവസമായി നെയ്യുന്ന നൂല്‍ വിവിഐപി.യാണെന്ന് ബിന്ദു വൈകിയാണറിഞ്ഞത്.
ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന നൂലുകളുള്ള കുര്‍ത്തയാണ് മോദിക്കായി ഒരുങ്ങുന്നത്. നെയ്‌തെടുത്തത് പ്രധാനമന്ത്രി അണിഞ്ഞു കാണണം എന്നാണ് ആഗ്രഹമെന്ന് ബിന്ദു പറയുന്നു. ”ഇത്തരമൊരു ഭാഗ്യം ലഭിച്ചത് സന്തോഷ”മാണെന്നും ബിന്ദുവിന്റെ വാക്കുകള്‍. ഒരു ദിവസം നെയ്യുക മൂന്ന് മീറ്റര്‍. ആകെ നീളം നാല്‍പ്പത് മീറ്റര്‍ വേണം.
”പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഔദ്യോഗിക ഓണസമ്മാനം കൊടുക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. മൂന്നാഴ്ചത്തെ സമയം കൊണ്ട് ഉത്പാദിപ്പിച്ച് തരുമോ എന്ന് ചോദിച്ചു. ആദ്യം മടിയായിരുന്നു. പിന്നെ ഒരു ടാര്‍ജറ്റ് ആയി എടുത്ത് ഓകെ പറഞ്ഞു.” -ലോക്‌നാഥ് വീവേഴ്‌സ് സെക്രട്ടറി പി വിനോദ് പറഞ്ഞു. ആദ്യമായല്ല ഒരിന്ത്യന്‍ പ്രധാനമന്ത്രിയുമായുളള ലോക്‌നാഥ് കൈത്തറി സംഘത്തിന്റെ ബന്ധം. 1956 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ എത്തിയിരുന്നു. സന്ദര്‍ശക പുസ്തകത്തിലെ നെഹ്‌റുവിന്റെ കൈപ്പട സൊസൈറ്റിയിലുണ്ട്. ഇപ്പോഴിതാ മോദിക്കുള്ള ഓണക്കോടിയും ഇവിടെ ഒരുങ്ങുകയാണ്.