IndiaNEWS

മണിപ്പുരില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ കൊള്ളയടിച്ച് കലാപകാരികള്‍

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പുരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇംഫാലിലെ സെന്‍ജം ചിരാങിലാണു തലയ്ക്കു വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ഒരു ഗ്രാമവാസിക്കും പരുക്കുണ്ട്. ബിഷ്ണുപുര്‍ ജില്ലയിലെ മണിപ്പുര്‍ പോലീസിന്റെ രണ്ട് സെക്യുരിറ്റി പോസ്റ്റുകള്‍ കലാപകാരികള്‍ കൊള്ളയടിക്കുകയും ആയുധങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. സ്ത്രീകളും പുരഷന്മാരും അടങ്ങുന്ന വലിയ സംഘമാണു കെയ്‌രന്‍ഫാബി, തങ്കല്‍വായ് പോലീസ് ഔട്ട്‌പോസ്റ്റുകള്‍ കൊള്ളയടിച്ചത്.

ഹെയിന്‍ഗാങ്, സിന്‍ഗ്ജാമേയ് പോലീസ് സ്റ്റേഷനുകളും കൊള്ളയടിച്ച് ആയുധങ്ങള്‍ കവരാന്‍ കലാപകാരികള്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇതു തടഞ്ഞു. മറ്റു പല പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളായ കലാപകാരികളും തമ്മില്‍ വെടിവയ്പ്പുണ്ടായി. ബിഷ്ണുപുര്‍, ചുരാചന്ദ്പുര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അറുന്നൂറോളം പേര്‍ സംഘം ചേര്‍ന്നു. ആള്‍ക്കൂട്ടത്തെ തുരത്താനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. 25 ഓളം പേര്‍ക്കു പരുക്ക് ഏറ്റതായി റിപ്പോര്‍ട്ടുണ്ട്. പല ജില്ലകളില്‍ നിന്നായി 1047 ആളുകളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു.

Signature-ad

അതിനിടെ, കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരച്ചടങ്ങുകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ചു. സംസ്‌കാരച്ചടങ്ങുകള്‍ തടയാനെത്തിയ മെയ്‌തെയ് വനിതകള്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടി. പോലീസ് ആകാശത്തേക്കു വെടിവച്ചു. കണ്ണീര്‍വാതക പ്രയോഗത്തില്‍ 21 പേര്‍ക്കു പരുക്കേറ്റു. കുക്കികളും മെയ്‌തെയ്കളും ഇന്നലെ മണിക്കൂറുകളോളം തോക്കുകളുമായി ഏറ്റുമുട്ടിയതോടെ ബിഷ്ണുപുര്‍-ചുരാചന്ദ്പുര്‍ അതിര്‍ത്തിയിലെ ക്വാക്ത യുദ്ധക്കളമായി. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ്, ബിഷ്ണുപുര്‍ ജില്ലകളിലെ കര്‍ഫ്യൂ ഇളവു പിന്‍വലിച്ചു.

കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കി ഗോത്രക്കാരുടെ സംസ്‌കാരച്ചടങ്ങ് ചുരാചന്ദ്പുരിലെ അതിര്‍ത്തി ഗ്രാമമായ ബൊല്‍ജാങ്ങില്‍ ഇന്നലെ നടത്താനാണു നിശ്ചയിച്ചിരുന്നത്. തങ്ങള്‍ക്കു കൂടി അവകാശപ്പെട്ട പ്രദേശമാണ് ഇതെന്നും സംസ്‌കാരം അനുവദിക്കില്ലെന്നുമായിരുന്നു മെയ്‌തെയ് സംഘടനകളുടെ നിലപാട്. സംസ്‌കാരം തടയുന്നതിനായി മെയ്‌തെയ് സ്ത്രീകളും സായുധരായ യുവാക്കളും എത്തിയതോടെ സംഘര്‍ഷം കനത്തു. ബാരിക്കേഡ് തള്ളി മാറ്റിയ വനിതകളെ കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ് പിരിച്ചുവിട്ടു.

Back to top button
error: