KeralaNEWS

മര്യാദാപുരുഷോത്തമന്‍! അടപടലം മാന്യന്‍, ചലച്ചിത്ര ഇതിഹാസം… പുരസ്‌കാര വിവാദത്തില്‍ രഞ്ജത്തിനെ വാനോളം പുകഴ്ത്തി മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി സജി ചെറിയാന്‍. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതില്‍ റോള്‍ ഉണ്ടായിരുന്നില്ല. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹരായവര്‍ക്കാണ്. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടില്‍ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കില്‍ നിയമ നടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

”അവാര്‍ഡ് നിര്‍ണയത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് യാതൊരു റോളും ഇല്ല. അദ്ദേഹമല്ല ജൂറിയെ തിരഞ്ഞെടുത്തത്. നടപടിക്രമങ്ങളിലൂടെയാണ് ജൂറിയെ തിരഞ്ഞെടുത്തത്. അതില്‍ ഒരുതരത്തിലും ഇടപെടാന്‍ അദ്ദേഹത്തിനു കഴിയില്ല. കേരളം കണ്ട ചലച്ചിത്രരംഗത്തെ ഏറ്റവും മാന്യനായ ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഈ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തി എന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. സാംസ്‌കാരിക വകുപ്പിനു കീഴില്‍ ഏറ്റവും ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. നിഷ്പക്ഷമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.” സജി ചെറിയാന്‍ പറഞ്ഞു.

Signature-ad

ലോകത്തിലെ അതിപ്രശസ്തരായ അംഗങ്ങളാണ് ജൂറിയില്‍ ഉള്ളതതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ”മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനെ ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ സാധിക്കുമോ? അതിനു തൊട്ടുതാഴെയുള്ളവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫുള്‍ എപ്ലസ് കിട്ടിയവര്‍ മാത്രമല്ലല്ലോ മികച്ചവര്‍. ഒരു എ പ്ലസ് കുറഞ്ഞവര്‍ മോശക്കാരാണെന്നു പറയാന്‍ സാധിക്കുമോ? അവരെല്ലാം നല്ല കലാകാരന്മാരാണ്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് നല്‍കിയത്. ആര്‍ക്കും അതില്‍ പരാതി നല്‍കാന്‍ സാധിക്കില്ല. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അവാര്‍ഡ് നിര്‍ണയ സമിതിക്കാണ് ഉത്തരവാദിത്തം. തെളിവുണ്ടെങ്കില്‍ നിയമപരമായി നേരിടാം.” സജി ചെറിയാന്‍ വ്യക്തമാക്കി.

Back to top button
error: