മലപ്പുറം: ലഹരിക്കേസില്‍ പിടികൂടിയ പ്രതി താനൂര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി മമ്പ്രം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു. കസ്റ്റഡി മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു.
കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. ലഹരിമരുന്ന് കേസ് നാര്‍ക്കോട്ടിക്സ് ഡിവൈഎസ്പിയും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്കി. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടക്കും. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്ത് ഇന്നു പുലര്‍ച്ചെയാണ് ഇയാളെ താനൂര്‍ പോലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലര്‍ച്ചെ 4 മണിക്ക് ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണതായി ഡിവൈഎസ്പി: വി.വി.ബെന്നി പറഞ്ഞു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി പറഞ്ഞു.
മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്കു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ ആര്‍ഡിഒ എത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.