CrimeNEWS

കണ്ണടയ്ക്കാന്‍പോലും വിടാതെ തല്ലും തെറിയഭിഷേവും; കൊലക്കുറ്റം സമ്മതിപ്പിച്ച മൂന്നാംമുറ വിവരിച്ച് അഫ്സാന

ഇടുക്കി: കൂടല്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഒന്നര വര്‍ഷത്തിനുശേഷം കണ്ടെത്തിയ നൗഷാദിന്റെ ഭാര്യ അഫ്സാന. നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്പ്രേയടക്കം പ്രയോഗിച്ച് മര്‍ദിച്ചെന്നും അഫ്സാന പറഞ്ഞു.

പോലീസിനെതിരേ നിയമനടപടി സ്വീകരിക്കും. വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും ഉപദ്രവിച്ചിട്ടുണ്ട്. വായിലേക്ക് കുരുമുളക് സ്പ്രേയടക്കം അടിച്ച് മര്‍ദിച്ചു. പുറത്തും അകത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ അടികൊണ്ടിട്ടില്ല. ശരിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം മര്‍ദിച്ചു. മുഖത്തുനോക്കി അസഭ്യങ്ങള്‍ പറഞ്ഞു. ഇതിനൊക്കെപ്പുറമേ കുഞ്ഞുങ്ങളെ ഇനി കാണിക്കില്ലെന്നും കുടുംബത്തെ പ്രതിചേര്‍ക്കുമെന്നും പറഞ്ഞപ്പോള്‍ നൗഷാദിനെ കൊന്നെന്ന് സമ്മതിക്കുകയായിരുന്നെന്ന് അഫ്സാന പറഞ്ഞു.

Signature-ad

നൗഷാദിനെ കുഴിച്ചിട്ടതെന്ന തരത്തില്‍ ശ്മശാനത്തിനടുത്ത് പോയതും വാടക വീട്ടില്‍ പോയതുമെല്ലാം പോലീസ് പറഞ്ഞതു പ്രകാരമായിരുന്നു. അവിടങ്ങളില്‍ കൊന്ന് കുഴിച്ചിട്ടതായിട്ടൊന്നും മൊഴി നല്‍കിയിരുന്നില്ല. പോലീസ് പറയുന്നിടത്തേക്കു പോവുക മാത്രമാണ് ചെയ്തത്. കൊലക്കുറ്റം തന്റെ മേല്‍ ചാര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ നാടകങ്ങളൊക്കെയെന്ന് വാര്‍ത്തകള്‍ കേട്ടപ്പോഴാണ് മനസ്സിലായതെന്നും അഫ്സാന പറഞ്ഞു. നൗഷാദിനെ എവിടെക്കണ്ടാലും അറിയിക്കണമെന്ന് സ്റ്റേഷനില്‍ പുതിയതായി വന്ന മാഡം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിച്ചതെന്നും അഫ്സാന പറഞ്ഞു.

നേരാംവണ്ണം ഭക്ഷണമോ വെള്ളമോ തന്നിരുന്നില്ല. ഉറങ്ങിയാല്‍ അടിയായിരുന്നു. കുരുമുളക് സ്പ്രേ വായിലടപ്പിച്ചാണ് ഇല്ലാത്തതെല്ലാം സമ്മതിപ്പിച്ചത്. വാടകവീട്ടില്‍ നൗഷാദിനെത്തേടി കുഴിച്ച കാര്യം പോലും അവിടെ പോലീസ് പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് അറിഞ്ഞത്.

കുഞ്ഞുങ്ങളെ നൗഷാദിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നൗഷാദിന് മാനസിക പ്രശ്നങ്ങളുണ്ട്. ആറു വര്‍ഷമായി അത് അനുഭവിച്ചിട്ടുമുണ്ട്. തന്നെ നൗഷാദ് മര്‍ദിക്കുമ്പോഴൊന്നും നൗഷാദിന്റെ മാതാപിതാക്കള്‍ ഇടപെട്ടിരുന്നില്ല. മദ്യപിച്ചുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ തന്റേതല്ലെന്നു പറഞ്ഞ് വഴക്കുണ്ടാക്കും. മദ്യപിക്കാത്തപ്പോള്‍ കുഞ്ഞുങ്ങളോട് സ്നേഹമാണ്. നൗഷാദിനെ സുഹൃത്തുക്കളെക്കൂട്ടി മര്‍ദിച്ചെന്നു പറയുന്നത് കള്ളമാണ്. അത്തരത്തില്‍ ഒരു സംഭവമുണ്ടായിട്ടില്ലെന്നും അഫ്സാന പറയുന്നു.

 

Back to top button
error: