കണ്ണൂര്‍: ഇരിട്ടിയില്‍ ഓണ്‍ലൈന്‍ സൗഹൃദ തട്ടിപ്പിനിടെ വീട്ടമ്മയ്ക്ക് രണ്ടരലക്ഷം രൂപ നഷ്ടമായി. ജര്‍മ്മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് സൗഹൃദം സ്ഥാപിച്ചു പണം തട്ടിയത്. സംഭവത്തില്‍ ഇരിട്ടി പോലീസ് കേസെടുത്തു. കേസ് കണ്ണൂര്‍ ക്രൈം സെല്ലിന് കൈമാറി.
ജര്‍മ്മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി തട്ടിപ്പുകാരന്‍ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നപ്പോള്‍ ഇരുവരും ഫോണ്‍ നമ്പരുകള്‍ കൈമാറി. ഗുഡ് മോര്‍ണിങ്ങില്‍ തുടങ്ങി ഗുഡ് നൈറ്റില്‍ അവസാനിക്കുന്ന സന്ദേശങ്ങള്‍ എല്ലാ ദിവസവും വാട്സ്ആപ്പ് വഴി നടത്തിയിരുന്നു. നല്ല സൗഹൃദമായപ്പോള്‍ സ്വര്‍ണവും യൂറോയും ഉള്‍പ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജര്‍മ്മന്‍ സ്വദേശി സന്ദേശം അയച്ചു. സമ്മാനത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു.
ഇതിനിടെ ഡല്‍ഹി വിമാനത്താവളം വഴി എത്തിയ സമ്മാനം വിമാനത്താവള അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണെും ഇതു വിട്ടുനല്‍കാന്‍ രണ്ടരലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ഈ പണം നല്‍കിയാല്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജര്‍മ്മന്‍ സ്വദേശിയായ യുവതി ഫോണിലൂടെ അറിയിക്കുകയായിരുന്നു. ഇതു വിശ്വസിച്ച വീട്ടമ്മ ഗൂഗിള്‍ പേ വഴി പണം പലതവണയായി നല്‍കിയെങ്കിലും സമ്മാനം മാത്രം ലഭിച്ചില്ല. അയല്‍വീടുകളില്‍ നിന്നുവാങ്ങിയ സ്വര്‍ണം പണയംവെച്ചും കടം വാങ്ങിയുമാണ് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വീട്ടമ്മ പണം നല്‍കിയത്. സമ്മാനം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഇരിട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഓണ്‍ലൈന്‍ സൗഹൃദം നടിച്ചു യുവതികളില്‍നിന്നും വീട്ടമ്മമാരില്‍നിന്നും പണം കബളിപ്പിക്കുന്ന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഇരിട്ടി പോലീസ് കേസ് കണ്ണൂര്‍ ക്രൈം സെല്ലിന് കൈമാറിയിട്ടുണ്ട്.