KeralaNEWS

മൈക്ക് വിവാദത്തില്‍ കേസ് വേണ്ടെന്നു മുഖ്യമന്ത്രി; സുരക്ഷാ പരിശോധന മതിയെന്ന് നിര്‍ദേശം

തിരുവനന്തപുരം: മൈക്ക് വിവാദത്തില്‍ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തുടര്‍നടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി.

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പോലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നല്‍കാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി കേരള പോലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുന്‍പും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല.

Signature-ad

അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പോലീസ് കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ എതിര്‍വാദങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞദിവസമാണ് ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടി കെപിസിസി സംഘടിപ്പിച്ചത്.

Back to top button
error: