കോഴിക്കോട്: എം.സി. ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍തുരന്ന് കവര്‍ച്ചനടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ കൈയോടെ പിടികൂടി ഗൂര്‍ഖ. തുടര്‍ന്ന് കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. ചാരിറ്റി പ്രവര്‍ത്തകന്‍ നിധിന്‍ നിലമ്പൂരും മൂന്നുകൂട്ടാളികളുമാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടിവീട്ടില്‍ നിധിന്‍ കൃഷ്ണന്‍ (26), പരപ്പന്‍വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ചപുലര്‍ച്ചെ രണ്ടിന് നരിക്കുനി എം.സി. ജൂവലറിയുടെ പിറകുവശത്തെ ചുമര്‍ തുരക്കുന്നതിനിടയില്‍ ശബ്ദംകേട്ട് നരിക്കുനിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പോലീസും ചേര്‍ന്നാണ് പ്രതികളിലൊരാളായ അമീറിനെ പിടികൂടിയത്. പോലീസ് ചോദ്യംചെയ്തതില്‍നിന്ന് നാല്‍വര്‍സംഘത്തിന്റെ ജൂവലറി കവര്‍ച്ചയുടെ ചുരുളഴിയുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയില്‍ മുടൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്. പ്രതികളിലൊരാളായ നിലമ്പൂര്‍ സ്വദേശി നിധിന്‍ ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമാണ്.
ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് പരസ്പരം പരിചയപ്പെടുന്നത്. മുഖ്യ ആസൂത്രകനാണ് നിധിന്‍. പാസ്റ്റിക് പിസ്റ്റളും കവര്‍ച്ച നടത്താനുപയോഗിക്കുന്ന കമ്പിപ്പാര, ഉളി, ചുറ്റിക തുടങ്ങിയവയും തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.