KeralaNEWS

ഷംസീറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതി; പുറത്താക്കാന്‍ രാഷ്ട്രപതിക്കടക്കം നിവേദനം

തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ 30 നകം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) തീരുമാനിച്ചു. പാലക്കാട് നോര്‍ത്ത് ഉള്‍പ്പെടെ പലയിടത്തും ഇന്നലെ പരാതി നല്‍കി.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. 30 ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണു സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ പറഞ്ഞു. എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്.രാജീവ് ആണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

Signature-ad

21 ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു സ്പീക്കര്‍ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നു സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു.

Back to top button
error: