ഇംഫാല്‍: രണ്ടു ദിവസത്തിനിടെ 700-ല്‍ അധികം മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തികടന്ന് സംസ്ഥാനത്ത് പ്രവേശിച്ച സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മണിപ്പുര്‍ സര്‍ക്കാര്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് 209 പുരുഷന്മാരും 208 സ്ത്രീകളും 301 കുട്ടികളും അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
ജൂലൈ 22, 23 തീയതികളിലാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. കൃത്യമായ യാത്രാരേഖകളില്ലാത്ത 718-ഓളം മ്യാന്‍മര്‍ പൗരന്മാര്‍ക്ക് എങ്ങനെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിച്ചുവെന്നതിലാണ് അസം റൈഫിള്‍സിനോട് മണിപ്പുര്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ ഉടന്‍ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പുര്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് സംഭവം എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അസം റൈഫിള്‍സിനോട് വിശദീകരണം ആരാഞ്ഞതിന് ഏറെ പ്രാധാന്യമുണ്ട്. ആയുധങ്ങളോ വെടിമരുന്നോ ഇവര്‍ ഇന്ത്യയിലേക്ക് കടത്തിയോ എന്ന കാര്യം അറിയാന്‍ മാര്‍ഗമൊന്നുമില്ലാത്തതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ മ്യാന്‍മറിലെ ഖാപട് മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 23-ന് 718 അഭയാര്‍ഥികള്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ചന്ദേല്‍ ജില്ലയിലൂടെ മണിപ്പുരില്‍ പ്രവേശിച്ചെന്ന് അസം റൈഫിള്‍സിന്റെ റിപ്പോര്‍ട്ടിലുള്ളതായി മണിപ്പുര്‍ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അതിര്‍ത്തി സംരക്ഷണ സേന എന്ന നിലയ്ക്ക്, കൃത്യമായ രേഖകളില്ലാതെ മ്യാന്‍മര്‍ പൗരന്മാര്‍ മണിപ്പുരിലേക്ക് കടക്കുന്നത് കര്‍ശനമായി തടയണമെന്ന് അസം റൈഫിള്‍സിന് നിര്‍ദേശം നല്‍കിയിരുന്നതായും മണിപ്പുര്‍ ചീഫ് സെക്രട്ടറി ഒപ്പിട്ട പ്രസ്താവന വ്യക്തമാക്കുന്നു.