മാസങ്ങളായി ഭാരതജനതയുടെ ഒരു വിഭാഗം ഭീകരമായ അനിശ്ചിതത്വവും മനുഷ്യാവകാശങ്ങളുടെ പ്രാകൃത ലംഘനവും സമാനതകളില്ലാത്ത ദുരിതങ്ങളും അനുഭവിക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ഒരു ജനതയുടെ മൗനം അത്ഭുതപ്പെടുത്തുകയാണ്.മനുഷ്യരു ടെ നൊമ്പരങ്ങളും പ്രയാസങ്ങളും എത്രത്തോളം അരാഷ്ട്രീയവൽക്കപ്പെട്ടിരിക്കു ന്നു എന്നതിന്റെ
തെളിവാണ് ഇത്.അതു മാത്രമല്ല, മനുഷ്യരുടെ വേദനകളെ വല്ലാതെ സ്വകാര്യവൽക്കരിക്കുകയും സമുദായവൽക്കരിക്കുകയും ചെയ്യപ്പെട്ടതിന്റെയും.
സഹജീവികളുടെ കണ്ണുനീർ ഇന്ന് നമ്മെ പൊള്ളിക്കാത്തും ഇതുകൊണ്ടാണ്.
മുമ്പ് കാശ്മീരിന്റെ പ്രത്യേകപദവിയും സ്യയംഭരണാവകാശവും ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും നമ്മളീ അപകടകരമായ മൗനം തുടർന്നു.ഗോമാംസത്തിന്റെ പേരിൽ.. നായയുടെ പേരിൽ..ദലിതനായതിന്റെ പേരിൽ.. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ.. ഒരു പ്രത്യേക ജാതിയിലും കുലത്തിലും പിറന്നതിന്റെ പേരിൽ… അങ്ങനെ എന്തെല്ലാം! എല്ലാം ഫാസിസത്തിന്റെ പരീക്ഷണശാലയിൽ രചിക്കപ്പെട്ട തിരക്കഥയനുസരിച്ച് ഭരണകൂടം നടപ്പിലാക്കിയത്.
വേദനയും വ്യസനവും മരണവും കൂട്ടവിലാപങ്ങളുമൊക്കെ ഇന്ന് ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലെ തുടരനുഭവങ്ങളാകുമ്പോൾ
എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്കെന്ന് ചോദിക്കാൻ എന്നിട്ടും എന്തേ ആരുടെയും നാവ് ഉയരുന്നില്ല..?
വേദനയും വ്യസനവും വ്യാകുലതകളും സങ്കടങ്ങളുമൊക്കെ മനുഷ്യജീവിതത്തിലെ പച്ചയായ അനുഭവങ്ങളാണ്.എന്നാൽ അത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ ഉന്നമനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയം വിനിയോഗിക്കേണ്ട ഒരു ഭരണകൂടം തന്നെ അറിഞ്ഞുകൊണ്ട് അടിച്ചേൽപ്പിക്കുമ്പോൾ, പ്രത്യേകിച്ചും..!
മണിപ്പൂരിന് വേണ്ടി രാജ്യത്തിന്റെ അകത്തും പുറത്തും നടക്കുന്ന പ്രതിഷേധ സ്വരങ്ങൾ അറിയാതെയല്ല ഇതെഴുതുന്നത്.പ്രത്യേകിച്ച് യുവത്വങ്ങളുടെ.അത് കലാലയങ്ങൾക്ക് അകത്തായാലും പുറത്തായാലും ശരി.പക്ഷെ ബഹുഭൂരിപക്ഷത്തിന്റെയും നിശബ്ദതയാണ് അമ്പരിപ്പിക്കുന്നത്.നിശബ്ദത മാത്രമല്ല,പ്രതിഷേധങ്ങൾ ഉയരേണ്ട സമയത്ത് പ്രതീക്ഷീക്കാത്ത ഇടങ്ങളിൽ നിന്നുള്ള ചില അനുകൂല സ്വരങ്ങളും!
ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.
എവിടെയോ വായിച്ചിട്ടുണ്ട്.കണ്ടിട്ടും പുറംതിരിഞ്ഞുനിന്നവരുടെ കൊടിയ മൗനം തിന്നാണ് ഫാസിസം ഇത്രകണ്ട് വളർന്നതെന്ന്.അതുകൊണ്ട്, അതുകൊണ്ട് മാത്രം ചോദിക്കുകയാണ്.. മൗനമേ നീയൊന്നൊച്ചവെക്കുമോ ഇനിയെങ്കിലും….!!!