ജയ്പുര്‍: പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ യുവതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഫെയ്‌സ്ബുക്ക് കകാമുകനെ കാണാനായി രാജസ്ഥാനില്‍നിന്നു യുവതി പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ അഞ്ജു (34) എന്ന വീട്ടമ്മയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ നസ്‌റുള്ള(29)യെ കാണാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരുടെ രേഖകള്‍ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നല്‍കി. പാക്കിസ്ഥാനിലെ അപ്പര്‍ ദിര്‍ ജില്ലയിലാണു നിലവില്‍ അഞ്ജുവുള്ളത്. മാസങ്ങള്‍ക്കു മുമ്പാണ് അഞ്ജുവും നസ്‌റുള്ളയും ഫെയിസ്ബുക്ക് വഴി സുഹൃത്തുക്കളാകുന്നത്.
ഇന്ത്യന്‍ യുവതി ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാന്‍ പോലീസ് അഞ്ജുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സുഹൃത്തിനെ കാണാനായി ജയ്പുരില്‍ പോവുകയാണെന്നു പറഞ്ഞാണു അഞ്ജു വീട് വിട്ടതെന്നു ഭര്‍ത്താവ് അരവിന്ദ് പോലീസിനോട് പറഞ്ഞു. ”വ്യാഴാഴ്ചയാണു അഞ്ജു വീട് വിട്ടത്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് അഞ്ജുവുമായി വാട്‌സാപ്പില്‍ സംസാരിച്ചിരുന്നു. 2022 ലാണു അഞ്ജു പാസ്‌പോര്‍ട്ട് എടുക്കുന്നത്. വിദേശത്തു ജോലി ആവശ്യത്തിനായിരുന്നു പാസ്‌പോര്‍ട്ട് എടുത്തത്. അഞ്ജുവുമായി സംസാരിച്ചു തിരികെ വരാന്‍ ആവശ്യപ്പെടും. തിരികെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അഞ്ജുവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു” -അരവിന്ദ് പറഞ്ഞു. 2007 ലാണു ഇരുവരും വിവാഹിതരായത്. ബിവാഡിയിലെ സ്വകാര്യ സ്ഥാപനത്തിലാണു ഇരുവരും ജോലിചെയ്തിരുന്നത്. 15 വയസ്സുള്ള പെണ്‍കുട്ടിയും ആറ് വയസ്സുള്ള ആണ്‍കുട്ടിയും ഇരുവര്‍ക്കുമുണ്ട്.
2019 ല്‍ പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി ഇന്ത്യയിലക്ക് എത്തിയ പാക്കിസ്ഥാന്‍ സ്വദേശി സീമ ഗുലാം ഹൈദറിന്റെ കഥയുമായി സാമ്യമുള്ളതാണു അഞ്ജുവിന്റെ കഥ. എന്നാല്‍ സീമ രാജ്യത്തെത്തിയത് വിസയില്ലാതെ നേപ്പാള്‍ വഴിയായിരുന്നു. അഞ്ജുവാകട്ടെ നിയമപരമായി വാഗാ അട്ടാരി അതിര്‍ത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്.