NEWSPravasi

യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

അബുദാബി: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന്‍ ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

യുഎഇയിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളുടെ ചട്ടങ്ങള്‍ സംബന്ധിച്ച് 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രൊബേഷന്‍ കാലയളവിലെ ജീവനക്കാര്‍ക്കും ബാധകമാണ്. തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 13(11) പ്രകാരം പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്ന് നിയമത്തില്‍ പറയാത്തതിനാല്‍ പ്രൊബേഷന്‍ കാലയളവില്‍ സ്വമേധയാ ജോലി അവസാനിപ്പിച്ചാലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

Signature-ad

മാത്രമല്ല, തൊഴില്‍ ദാതാവ് നിങ്ങളുടെ തൊഴിലിനെക്കുറിച്ച് സര്‍ട്ടിഫിക്കറ്റില്‍ മോശമായി ഒന്നും പരാമര്‍ശിക്കരുത്. പുതിയ തൊഴില്‍ നേടുന്നതിനുള്ള സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. തൊഴിലുടമയുമായുള്ള നിങ്ങളുടെ കരാര്‍, സേവന കാലയളവ്, അവസാനം വാങ്ങിയ ശമ്പളം എന്നിവ പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

യുഎഇയില്‍, പ്രൊബേഷന്‍ കാലയളവില്‍ 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരനെ പിരിച്ചുവിടാം. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 (1) ഇത് വ്യവസ്ഥചെയ്യുന്നു. പ്രൊബേഷന്‍ കാലയളവ് ആറു മാസത്തില്‍ കൂടരുത്. തൊഴില്‍ ആരംഭിച്ച ദിവസം മുതല്‍ തീയതി കണക്കാക്കും. ഇനി ഒരു ജീവനക്കാരന്‍ പ്രൊബേഷന്‍ കാലയളവില്‍ സ്വമേധയാ സേവനം അവസാനിപ്പിക്കുകയാണെങ്കില്‍ ചുരുങ്ങിയത് അവസാന തൊഴില്‍ ദിനത്തിന്റെ 14 ദിവസം മുമ്പെങ്കിലും തൊഴിലുടമയെ രേഖാമൂലം അറിയിക്കാന്‍ ബാധ്യസ്ഥനാണ്.

ദുബായ് എമിറേറ്റിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരാളുടെ സംശയനിവാരണത്തിനാണ് രാജ്യത്തെ പ്രാദേശിക ദിനപത്രമായ ഖലീജ് ടൈംസില്‍ നിയമവിദഗ്ധര്‍ മറുപടി നല്‍കിയത്. തന്റെ മുന്‍ തൊഴിലുടമ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം തേടിയത്. കമ്പനിയില്‍ മൂന്ന് മാസത്തെ ജോലിക്ക് ശേഷം പിരിച്ചുവിടപ്പെട്ടയാളാണ് ചോദ്യമുന്നയിച്ചത്. മറ്റൊരു കമ്പനി ജോലിക്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും എക്സ്പീരിയന്‍സ് ലെറ്റര്‍ ആവശ്യപ്പെടുന്നതായും പ്രൊബേഷനില്‍ ആയിരുന്നതിനാല്‍ മുന്‍ തൊഴിലുടമ നല്‍കാന്‍ വിസമ്മതിച്ചതായും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാ തൊഴില്‍ ദാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും നിയമവിദഗ്ധര്‍ ഓര്‍മിപ്പിച്ചു. ജീവനക്കാരന്‍ അപേക്ഷിച്ചാല്‍ തൊഴില്‍ കരാര്‍ കാലഹരണപ്പെടുമ്പോള്‍, ജോലി ആരംഭിച്ച തീയതി, അവസാനിപ്പിച്ച തീയതി, മുഴുവന്‍ സേവന കാലാവധി, ജോലിയുടെ പേര് അല്ലെങ്കില്‍ ജോലിയുടെ തരം, അവസാനമായി ലഭിച്ച ശമ്പളം, ജോലി അവസാനിപ്പിക്കാനുള്ള കാരണം എന്നിവ സൂചിപ്പിക്കുന്ന അനുഭവ സാക്ഷ്യപത്രം പണം ഈടാക്കാതെ നല്‍കേണ്ടതുണ്ട്.

 

Back to top button
error: