കാസർകോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂരിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി എ ഖാസിം (28) ആണ് മരിച്ചത്. ജൂലൈ 21 മുതല്‍ യുവാവിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നല്‍കി.
പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും യുവാവിനെ കണ്ടെത്തുന്നതിനായി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ഇന്ന് (ഞായർ) ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ആദൂര്‍ ചെക് പോസ്റ്റിന് സമീപത്തുള്ള കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി ആദൂര്‍ പൊലീസ് പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നേരത്തെ കോഴിക്കോട് ജോലി ചെയ്തിരുന്ന ഖാസിം അടുത്തിടെയാണ് നാട്ടിലെത്തിയത്.