KeralaNEWS

സീറ്റ് ഒഴിവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു; പുതുപ്പള്ളിയില്‍ പിന്‍ഗാമി അയാള്‍ തന്നെ?

തിരുവനന്തപുരം: പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് നിയമസഭ. പുതുപ്പള്ളി ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇനി കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമസഭ വിജ്ഞാപനം അനുസരിച്ചുള്ള നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നതോടെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിക്കും. ആറുമാസത്തിനകം തന്നെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒക്ടോബറിലാകും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ബാക്കിയുണ്ടെങ്കില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. പിണറായി സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരാണെന്ന് ആറുമാസത്തിനുള്ളില്‍ അറിയാന്‍ കഴിയും.

Signature-ad

53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയായിരുന്നു പുതുപ്പള്ളിയുടെ എംഎല്‍എ. ഉപതെരഞ്ഞെടുപ്പോടെ അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയില്‍ നിന്ന് പുതിയൊരംഗം നിയമസഭയിലെത്തും. ഇത് ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ആരംഭിച്ച് കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നാണ് വിലയിരുത്തിയത്. ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടന്നേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനാണ് സിപിഎം തീരുമാനം.

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമോയെന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളായ പ്രധാന നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ കുടുംബത്തില്‍ നിന്ന് തന്നെ പിന്‍ഗാമികളെ കണ്ടെത്തുന്നതാണ് യുഡിഎഫ് നിലവില്‍ പിന്തുടരുന്ന രീതി. ജി കാര്‍ത്തികേയന്‍ മരിച്ചപ്പോള്‍ അരുവിക്കരയില്‍ കെ.എസ് ശബരീനാഥനും പി.ടി തോമസ് മരിച്ചപ്പോള്‍ തൃക്കാക്കരയില്‍ ഭാര്യ ഉമ തോമസും സ്ഥാനാര്‍ഥികളായി വിജയിച്ചു. അതുകൊണ്ട് തന്നെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.

Back to top button
error: