FoodNEWS

മുട്ടയില്ലാതെ ഓംലെറ്റടിക്കാന്‍ പറ്റുമോ സര്‍ക്കീര്‍ഭായ്ക്ക്? പൊളിയാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്ത ഈ ഐഡിയ

മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍, മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാമനാട്ടുകര സ്വദേശി അര്‍ജുന്‍.

‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന പേരില്‍ പൗഡര്‍ രൂപത്തില്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തില്‍ വെള്ളം കലര്‍ത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവില്‍ കൊണ്ടോട്ടി വാഴയൂരില്‍ ‘ധന്‍സ് ഡ്യൂറബിള്‍’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു.

Signature-ad

മകള്‍ ധന്‍ശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ് ഇന്‍ന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവര്‍ഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാല്‍ പരീക്ഷണങ്ങള്‍ക്കായാണ് കൂടുതല്‍ തുകയും ചെലവഴിച്ചത്. മെഷീനുകള്‍ രൂപകല്‍പ്പന ചെയ്തതും അര്‍ജുന്‍ തന്നെ. 2021ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഏഴ് സ്ത്രീകളടക്കം 12 ജീവനക്കാരുണ്ട്.
കിഡ്‌സ് ഓംലെറ്റ്, എഗ്ഗ് ബുര്‍ജി, വൈറ്റ് ഓംലെറ്റ്, മസാല ഓംലെറ്റ്, സ്വീറ്റ് ഓംലെറ്റ് ബാര്‍ സ്നാക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങള്‍ പുറത്തിറക്കും. ആഗസ്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കും. ബംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ, യു.കെ, കുവൈത്ത് എന്നിവിടങ്ങളിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലും സജീവമാകും.

ബുള്‍സൈ ഉല്‍പ്പന്നങ്ങളുടെ സാധ്യതയും അര്‍ജുന്റെ പരിഗണനയിലുണ്ട്. 2022ല്‍ ഔട്ട്‌ലുക്ക് ‘ദ ഓംലെറ്റ് മാന്‍ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് അര്‍ജുനെ പരിചയപ്പെടുത്തിയത്. കുറഞ്ഞ സമയത്തില്‍ ഓംലെറ്റ് ഉണ്ടാക്കുന്നതിനുള്ള ‘ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്’ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജുന്‍.

 

Back to top button
error: