ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ യുവവ്യവസായി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കാമുകിയും കൂട്ടാളികളും ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കാമുകിയടക്കം അടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളിലൊരാളായ പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഹല്‍ദ്വാനിയിലെ വ്യവസായിയായ അങ്കിത് ചൗഹാനെ കഴിഞ്ഞ 15-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കാലില്‍ പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. എന്നാല്‍, മരണത്തില്‍ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്.
അങ്കിതിന്റെ കാമുകിയായ ഡോളിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരവരും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ യുവതി നിരവധിതവണ അങ്കിതിനെ ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. അടുത്തിടെ അങ്കിതുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, യുവതിയുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ അങ്കിതിന് താത്പര്യമുണ്ടായിരുന്നില്ല. ബന്ധം തുടരാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇതോടെയാണ് യുവതി തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
പാമ്പാട്ടിക്ക് പണംനല്‍കി പാമ്പിനെ ഉപയോഗിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പാമ്പാട്ടിയാണ് പാമ്പിനെ കൊണ്ട് അങ്കിതിന്റെ കാലില്‍ കടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കേസില്‍ പ്രതിയായ പാമ്പാട്ടിയെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. അതേസമയം, ഡോളിയും മറ്റുപ്രതികളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.