ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരില്‍ നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഭവത്തെ അപലപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പറഞ്ഞു. വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങള്‍ക്കു മുന്‍പു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്‌നരായ സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി മണിപ്പുര്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുള്‍പ്പെടുത്തി തൗബാല്‍ ജില്ലയിലെ നോങ്‌പോക് സെക്മായ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. അതിനിടെ, പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.