ലഖ്‌നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി, മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി 11 വയസുകാരിയായ മകള്‍ ഹലീമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയത്.
ഹിന്ദുമതം സ്വീകരിച്ച് അജയിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിസ പുതുക്കാനെന്ന വ്യാജേന ജൂലി അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്ന് യുവാവിന്റെ അമ്മ സുനിത പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ജൂലി ഇന്ത്യയിലെത്തിയത്. വിവാഹത്തിനു ശേഷം ഒരു വര്‍ഷം ജൂലി ഇന്ത്യയില്‍ താമസിച്ചു. പിന്നീട് തന്റെ മാതാപിതാക്കളെ കാണാമെന്ന് പറഞ്ഞ് അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൊറാദാബാദില്‍ ടാക്‌സി ഡ്രൈവറാണ് അജയ്. ജൂലിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.
തന്റെ മകനെ വിവാഹം കഴിച്ചത് ഗൂഢാലോചനയാണെന്നും അജയിനെ അതിര്‍ത്തി കടത്തി ജൂലി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയെന്നും സുനിത ആരോപിച്ചു. ബംഗ്ലാദേശിലേക്ക് പോയെങ്കിലും അജയ് അമ്മയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നാല് ദിവസം മുന്‍പ് സുനിതയ്ക്ക് മകനുമായുള്ള ബന്ധം നഷ്ടപ്പെടുകയും തുടര്‍ന്ന് രക്തത്തില്‍ കുതിര്‍ന്ന അജയിന്റെ ഫോട്ടോ അവര്‍ക്ക് ലഭിക്കുകയും ചെയ്തതോടെ കുടുംബം ആശങ്കയിലായി. തുടര്‍ന്ന് അജയ് തന്റെ സഹോദരിയെ വിളിച്ച് താന്‍ പ്രശ്‌നത്തിലാണെന്നും അവളോട് പണം ആവശ്യപ്പെടുകയും ചെയ്തു.
ജൂലിക്ക് കുടുംബത്തിന്റെ പണത്തിലാണ് താല്‍പര്യമെന്നും വിവാഹത്തിനായി നല്‍കിയ ആഭരണങ്ങളെല്ലാം അവര്‍ എടുത്തതായും സുനിത ആരോപിച്ചു. മകനെ ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് സുനിത മൊറാദാബാദ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സുനിത അഭ്യര്‍ഥിച്ചു.