CrimeNEWS

വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി; കെ.എസ്.യു. സംസ്ഥാന നേതാവടക്കം കേസില്‍ പ്രതി

ഇടുക്കി: വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹം കഴിച്ചതിലുള്ള ദേഷ്യത്തില്‍ വീടുകയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കൊല്ലം പത്തനാപുരം പനമ്പറ്റ സ്വദേശി ചിഞ്ചു ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ ഷീബയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ജെ.യദു കൃഷ്ണന്‍ (35), പത്തനാപുരം സ്വദേശി എച്ച്. അനീഷ് ഖാന്‍ (35) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 13 പേര്‍ക്കും എതിരെ തങ്കമണി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ചിലര്‍ യുവതിയുടെ ബന്ധുക്കളാണ്. രഞ്ജിത്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് അമലഗിരി കവലയില്‍ ഓമനക്കുട്ടന്റെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

Signature-ad

പുലര്‍ച്ചെ മൂന്നിനു പിന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പ്രതികള്‍ വീട്ടിലുണ്ടായിരുന്നവരെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പിച്ചെന്നും പരാതിയില്‍ പറയുന്നു. രഞ്ജിത്ത് (28), ഓമനക്കുട്ടന്‍ (36), ഭാര്യ രമ്യ (33), മക്കളായ അതുല്യ (11), അതുല്‍ (9), അശ്വല്‍ കൃഷ്ണ (7) എന്നിവര്‍ക്കാണ് പരുക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ് അനീഷ് ഖാന്‍.

രഞ്ജിത്തിന്റെയും ഷീബയുടെയും പ്രണയവിവാഹം കഴിഞ്ഞ 15ന് പരുത്തിമല ശ്രീകൈലാസം അര്‍ധനാരീശ്വര ചിന്താമണി ക്ഷേത്രത്തിലാണ് നടന്നത്. ഷീബയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിരായിരുന്നെന്നും ഭീഷണിപ്പെടുത്തിയെന്നും ഇതുകൊണ്ടാണ് ഇടുക്കിയില്‍ താമസിക്കാനെത്തിയതെന്നും രഞ്ജിത് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു നാലു വാഹനങ്ങളിലായി എത്തിയ പ്രതികള്‍ വീട്ടിലുള്ള എല്ലാവരെയും മര്‍ദിച്ച് അവശരാക്കിയ ശേഷം ഷീബയെ ബലം പ്രയോഗിച്ച് കാറില്‍ കടത്തിക്കൊണ്ടു പോയെന്നാണ് പരുക്കേറ്റവര്‍ പോലീസിനു നല്‍കിയ മൊഴി. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിനും തട്ടിക്കൊണ്ടുപോകലിനും അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: