കോട്ടയം: പച്ചക്കറി ലോറിയില്‍ കെട്ടിയ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചു. സംക്രാന്തിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. സംക്രാന്തി സ്വദേശി മുരളി (50) ആണ് മരിച്ചത്. ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജീവനക്കാരനാണ്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അപകടത്തില്‍ ഇയാളുടെ കാല്‍ അറ്റുപോയി. കയര്‍ കുരുങ്ങി ദമ്പതിമാര്‍ക്കും പരുക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ കയറാണ് കാലില്‍ കുരുങ്ങി അപകടമുണ്ടാക്കിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. വാഹനത്തിലെ പച്ചക്കറി റോഡില്‍ വീണപ്പോഴാണ് ലോറി ഡ്രൈവറും സഹായിയും അപകടമറിയുന്നത്. ഇരുവരേയും ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, അപകടത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പോലീസിനടക്കം വ്യക്തത വന്നിട്ടില്ല. പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സി.സി. ടി.വി. പരിശോധനകളിലൂടെ ഇത് വ്യക്തമായേക്കും എന്നാണ് പ്രതീക്ഷ.