ചെന്നൈ: ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 23 വയസുകാരന്റെ തലയില്‍ നിന്ന് 2 ഇഞ്ച് നീളമുള്ള ആണി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജോലിക്കിടെ സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്ന് തെറിച്ച ആണിയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ബ്രഹ്മ എന്ന യുവാവിന്റെ തലയില്‍ തുളഞ്ഞ് കയറിയത്. മരണം വരെ സംഭവിക്കാവുന്ന അപകടമായിരുന്നു യുവാവിന് സംഭവിച്ചത്. എന്നാല്‍, ഓപ്പറേഷന് കഴിഞ്ഞ് രണ്ടാം ദിവസം യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാതെ യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു.
നവലൂരിലെ പാക്കേജിങ് ഫാക്ടറിയിലാണ് ബ്രഹ്മ ജോലി ചെയ്യുന്നത്. ജൂലൈ 4ന് ഇവിടെ നിലം തുടയ്ക്കുന്നതിനിടെയാണ് സഹപ്രവര്‍ത്തകന്റെ നെയില്‍ ഗണ്ണില്‍ നിന്നുള്ള ആണി തലയില്‍ തറച്ചുകയറിയത്. പെട്ടെന്ന് തലയുടെ പിന്നില്‍ ശക്തമായ വേദന തോന്നുകയായിരുന്നെന്നാണ് അപകടത്തെക്കുറിച്ച് യുവാവ് പറയുന്നത്. രക്തം കണ്ട സഹപ്രവര്‍ത്തകര്‍ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് ഇഞ്ച് നീളമുള്ള ആണ് തലയില്‍ തറഞ്ഞ് കയറിയെന്ന് മനസിലായത്.
തലയും കഴുത്തും കൂടിച്ചേരുന്ന സ്ഥലത്താണ് ആണി തുളഞ്ഞ് കയറിയതെന്ന് മനസിലാക്കിയ സഹപ്രവര്‍ത്തകര്‍ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണഗതിയില്‍ സംസാര ശേഷി നഷ്ടമാവാനോ ശരീരം തളര്‍ന്നു പോകാനോവരെ സാധ്യതയുണ്ടായിരുന്ന അപകടമായിരുന്നു സംഭവിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോള്‍ യുവാവിന്റെ കൈയ്ക്കോ കാലിനോ തളര്‍ച്ചയോ. ബോധക്ഷയമോ ഒന്നും സംഭവിച്ചിരുന്നില്ല.
രക്തസമ്മര്‍ദവും പള്‍സും സാധാരണ നിലയിലായിരുന്നു. പ്രായം കുറവായിരുന്നത് വലിയ സഹായമായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്കാന്‍ ചെയ്തപ്പോഴാണ് യുവാവിന്റെ തലയിലുള്ളത് സാധാരണ ആണി അല്ലെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായത്. തടിയില്‍ തറച്ച ശേഷം തിരികെ ഇളകി വരാതിരിക്കാനായി പ്രത്യേക ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്ന ആണിയായിരുന്നു ഇത്.
ബ്രഹ്മയെ കമഴ്ത്തി കിടത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ഡയമണ്ട് ബര് എന്ന ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ച് ആണിക്ക് ചുറ്റും ദ്വാരമുണ്ടാക്കി പുറത്തെടുക്കുകയായിരുന്നു. ആറുമണിക്കൂറായിരുന്ന ശസ്ത്രക്രിയ നീണ്ട് നിന്നത്.