തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷണംപോയി. വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന തൊണ്ടിമുതലായ ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പോലീസ് സ്റ്റേഷന് കെട്ടിടത്തിന് സമീപമായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ് ബൈക്ക് ഉരുട്ടി പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം ഉച്ചക്കടയില്‍ ഒരു മാലമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപേക്ഷിച്ച് പോയ ബൈക്കാണ് മോഷണം പോയത്. തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികളായിരിക്കും ബൈക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം.