Breaking NewsKeralaLead NewsNEWS

ആദ്യം അമ്മപ്പൂച്ചയെത്തി, വായിൽ കടിച്ചുപിടിച്ചിരിക്കുന്നത് അണലിക്കുഞ്ഞിന്റെ തല, പിന്നാലെ വരിവരിയായി രണ്ട് മക്കളുമെത്തി, അവരുടെ വായിലും അണലിതന്നെ… മൂവരും ചേർന്ന് ഒരു മണിക്കൂറിൽ വകവരുത്തിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇപ്പോൾ സ്റ്റാർ പരിവേഷമാണ് തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ അമ്മപ്പൂച്ചയ്ക്കും രണ്ട് മക്കൾക്കും. മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെയാണ്. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ നാടൻപൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്.

വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തിൽനിന്ന് പാമ്പിന്റെ തലയിൽ കടിച്ചു കുടഞ്ഞ്‌ മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോൾ വരിവരിയായി രണ്ട് കുഞ്ഞൻപൂച്ചകളും പാമ്പുകളുമായി കയറിവന്നു. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നതോടെ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു.

Signature-ad

അരമണിക്കൂറിനുള്ളിൽ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും അമ്മയും മക്കളും ചേർന്ന് നാല് പാമ്പിനെക്കൂടി പിടിച്ചിരുന്നു. പൂച്ചകൾ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പു ഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഇപ്പോൾ ഇവരുടെ ഓമനകളാണ്. വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒരുപാടുപേർ ഈ പൂച്ചകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: