Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഥാഡും വമ്പന്‍ വീഴ്ചയും: ചോര്‍ച്ചയുള്ള കുടയ്ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത് 142 ബില്യണ്‍ ഡോളര്‍; ഇറാനെ ഭയന്നു വാങ്ങിക്കൂട്ടിയ മിസൈല്‍ പ്രതിരോധ സംവിധാനം അമ്പേ പരാജയം; യുദ്ധം തുറന്നു കാട്ടിയ അമേരിക്കന്‍ കുമിള

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്ത സുരക്ഷാ കുടയുടെ പ്രധാന ആകര്‍ഷണം എല്ലായ്‌പ്പോഴും അതിന്റെ പ്രശസ്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായിരുന്നു, പ്രത്യേകിച്ച് ലോക്ഹീഡ് മാര്‍ട്ടിന്റെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സും (THAAD), പാട്രിയറ്റ് പിഎസി3 ബാറ്ററികളും.

അമേരിക്കയില്‍, പ്രതിരോധ കമ്പനികളാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത്. അതിനാല്‍, ഈ സംവിധാനങ്ങള്‍ ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്’ ആയാണു വിപണനം ചെയ്യപ്പെട്ടത്. ബാലിസ്റ്റിക് മിസൈലുകളെ അവയുടെ അവസാന ഘട്ടത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഹൈ-ആള്‍ട്ടിറ്റിയൂഡ് ഇന്റര്‍സെപ്റ്ററുകളും, കുറഞ്ഞ ദൂരപരിധിയിലുള്ള ഭീഷണികളെയും ഡ്രോണുകളെയും നേരിടാന്‍ പാട്രിയറ്റ് മിസൈലുകളും ചേര്‍ന്ന ഒരു സുരക്ഷാ കവചം.

Signature-ad

‘ടാങ്കര്‍ യുദ്ധ’ കാലം മുതല്‍ നിലനില്‍ക്കുന്ന മിസൈല്‍ ഭീഷണികളെ ഇത് നിര്‍വീര്യമാക്കുമെന്ന് വിശ്വസിച്ച് വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ പതിനായിരക്കണക്കിന് കോടി ഡോളറാണ് ഈ സംവിധാനങ്ങള്‍ക്കായി ഒഴുക്കിയത്.

2025 മെയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് റിയാദ് സന്ദര്‍ശിക്കുകയും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. സൗദി അറേബ്യയ്ക്കായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ്. ഇതില്‍ THAAD സംവിധാനങ്ങള്‍, പാട്രിയറ്റ് പിഎസി3 അപ്ഗ്രേഡുകള്‍, മിസൈലുകള്‍, അത്യാധുനിക എയര്‍-ടു-എയര്‍ ആയുധങ്ങള്‍, സായുധ ഡ്രോണുകള്‍, വലിയ അളവിലുള്ള യുദ്ധസാമഗ്രികള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇറാനില്‍ നിന്നും അതിന്റെ നിഴല്‍ സംഘടനകളില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാന്‍ സൗദി സൈന്യത്തെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ആധുനികവല്‍ക്കരിക്കാനാണ് ഇത് ലക്ഷ്യമിട്ടത്.

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം, അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ സംയുക്ത സൈനിക ആക്രമണം നടത്തിയപ്പോള്‍ ഈ സംവിധാനങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ഇറാന്‍ ഉടന്‍ തിരിച്ചടിച്ചു. ഇറാന്‍ അയച്ച മിസൈലുകളെ പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ വില നല്‍കി വാങ്ങിയ ആ അമേരിക്കന്‍ കവചം പരാജയപ്പെട്ടു. അതും പരസ്യമായി. കത്തിയമരുന്ന സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങള്‍ അതിന് സാക്ഷിയായി.

ഒരു മുഴം മുമ്പേ ഗള്‍ഫ്

ആദ്യ മിസൈല്‍ തൊടുക്കുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അമേരിക്കന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അവര്‍ മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ തേടിയിരുന്നു.

2023 മാര്‍ച്ചില്‍, ബീജിംഗില്‍ ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചരിത്രപരമായ കരാറിലൂടെ സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് എംബസികള്‍ തുറക്കുകയും, 2001-ലെ സുരക്ഷാ സഹകരണ കരാര്‍ പുനരുജ്ജീവിപ്പിക്കുകയും, ഏഴ് വര്‍ഷത്തെ സംഘര്‍ഷത്തിന് അയവ് വരുത്തുകയും ചെയ്തു. റിയാദ് സുരക്ഷാ സംവിധാനങ്ങള്‍ വൈവിധ്യവത്കരിക്കുകയാണെന്നും വാഷിംഗ്ടണിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം തുടക്കത്തില്‍ അമേരിക്ക ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ തീവ്രമാക്കിയപ്പോള്‍, ഗള്‍ഫ് നേതാക്കള്‍ വീണ്ടും നയതന്ത്ര സമീപനത്തിന് ശ്രമിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയോ സൈനിക താവളങ്ങളോ ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് സൗദി അറേബ്യ തറപ്പിച്ചു പറഞ്ഞു. അമേരിക്ക അടിസ്ഥാനപരമായ പദ്ധതികളോ ലക്ഷ്യങ്ങളോ പങ്കുവെച്ചില്ലെന്നും അവര്‍ പരാതിപ്പെട്ടു. ഇറാന്റെ തിരിച്ചടി ഭയന്ന് മറ്റ് പല ജിസിസി രാജ്യങ്ങളും അമേരിക്കയ്ക്ക് പ്രവേശനം നിഷേധിച്ചു.

ഇതേ സാഹചര്യം നേരിടാന്‍ വേണ്ടി മാത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ട THAAD റഡാറുകളിലും പാട്രിയറ്റ് ലോഞ്ചറുകളിലും വന്‍ നിക്ഷേപം നടത്തിയ ഗവണ്‍മെന്റുകളായിരുന്നു ഇവ. അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികള്‍ ഈ ഉപകരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചു. അതൊരു ദുരന്തമായി മാറി.

ഇറാനില്‍ നിന്ന് 400-ലധികം ബാലിസ്റ്റിക് മിസൈലുകളും ആയിരത്തോളം ഡ്രോണുകളും അമേരിക്കന്‍-സഖ്യകക്ഷി താവളങ്ങള്‍ ലക്ഷ്യമാക്കി ജിസിസി രാജ്യങ്ങളായ ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവയ്ക്ക് മുകളിലൂടെ പറന്നു. നഗരപ്രദേശങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍, വിമാനത്താവളങ്ങള്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ആക്രമണങ്ങള്‍ ഉണ്ടായി.

പക്ഷേ, പരാജയം ഒളിച്ചുവയ്ക്കാന്‍ കഴിയാത്തതായിരുന്നു. ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ THAAD  ബാറ്ററിയുടെ ‘കണ്ണുകളായ’ നിര്‍ണ്ണായകമായ AN/TPY 2 റഡാറുകളില്‍ നേരിട്ട് പതിച്ച മിസൈലുകളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടു.

സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍, THAAD റഡാര്‍ സൂക്ഷിച്ചിരുന്ന ഷെല്‍ട്ടര്‍ വെറും ചാരമായി മാറി. ജോര്‍ദാനിലെ മുവാഫാക്ക് സാല്‍റ്റി എയര്‍ ബേസിലെ റഡാര്‍ സൈറ്റില്‍ കരിപിടിച്ച അവശിഷ്ടങ്ങളും ഗര്‍ത്തങ്ങളും കാണപ്പെട്ടു. യുഎഇയില്‍, അല്‍ റുവൈസിന് സമീപമുള്ള -THAAD- സംവിധാനത്തിനു നേരെയും ഒന്നിലധികം തവണ നേരിട്ട് ആക്രമണമുണ്ടായി.

വലിയ തോതിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാട്രിയറ്റ് സംവിധാനങ്ങളും പാടുപെട്ടു. ചില മിസൈലുകളെ തടയാനായെങ്കിലും, ഇറാന്റെ കുറഞ്ഞ ചിലവിലുള്ള ഡ്രോണ്‍ കൂട്ടങ്ങളും ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളെ തളര്‍ത്തി. 1991-ലെ ഗള്‍ഫ് യുദ്ധം മുതല്‍ പാട്രിയറ്റ് മിസൈലുകളുടെ പരിമിതികള്‍ വ്യക്തമായിരുന്നു. ഈ ആക്രമണം അത് ഒന്നുകൂടി ശരിവച്ചു. ഹൂതി ഭീഷണികള്‍ക്കെതിരേ ഉയര്‍ന്ന പ്രതിരോധ നിരക്ക് അവകാശപ്പെട്ടിരുന്ന യുഎഇ, മാര്‍ച്ച് പകുതിയോടെ വിജയശതമാനം പുറത്തുവിടുന്നത് നിര്‍ത്തി.

ഇറാന്റെ മിസൈല്‍ ഉല്‍പ്പാദനത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇറാന്‍ പ്രതിമാസം 100-ലധികം മിസൈലുകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ നമുക്ക് മാസം ആറോ ഏഴോ ഇന്റര്‍സെപ്റ്ററുകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ’.

ഈ കുറവ് നികത്താന്‍ പെന്റഗണ്‍ ദക്ഷിണ കൊറിയയില്‍നിന്ന് THAAD ബാറ്ററികള്‍ അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് മാറ്റി. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യുങ് ഇതിനെ എതിര്‍ത്തുവെങ്കിലും തടയാനായില്ല. ഇത് തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത ഒരു യുദ്ധത്തിന് വേണ്ടി ആണവായുധമുള്ള ഉത്തര കൊറിയയ്ക്കെതിരെയുള്ള ദക്ഷിണ കൊറിയയുടെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി.

ഒരു മേഖലയിലെ ആസ്തികള്‍ കടമെടുത്ത് മറ്റൊരു മേഖലയിലെ വിടവുകള്‍ നികത്താന്‍ അമേരിക്ക കളിക്കുന്ന ഈ കളി അപകടകരമാണ്.

ഇന്ന്, ഗള്‍ഫ് രാജ്യങ്ങള്‍, പ്രത്യേകിച്ച് സൗദി അറേബ്യ, കഠിനമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയാണ്. കോടിക്കണക്കിന് ഡോളറിന്റെ ബില്ലുകള്‍ കൈയിലുണ്ട്, പക്ഷേ ഇറാന്റെ പ്രതിമാസ മിസൈല്‍ ഉല്‍പ്പാദനത്തിന് മുന്നില്‍ അമേരിക്ക നല്‍കുന്ന തുച്ഛമായ പകരക്കാര്‍ അവരെ ആശങ്കയിലാക്കുന്നു.

ഇരുമ്പുകവചം എന്ന് വിശ്വസിപ്പിച്ച് വിറ്റഴിച്ച സംവിധാനങ്ങള്‍ ചോര്‍ച്ചയുള്ള കുടയാണെന്ന് തെളിഞ്ഞിരിക്കുന്നു. ശതകോടികള്‍ വിലമതിക്കുന്ന THAAD സംവിധാനങ്ങള്‍ വെറുമൊരു പാഴ് വസ്തുവായി നിലംപതിച്ചിരിക്കുന്നു.

#Dailyhunt, #MalayalamNews, #GulfNews, #USMilitary, #THAAD, #SaudiArabia, #IranConflict, #DefenseNews #GoogleNews, #InternationalRelations, #MiddleEastCrisis, #USForeignPolicy, #MissileDefense, #SecurityUmbrella, #GlobalPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: