തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ജലാശയത്തിന്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, കനത്ത മഴ തുടരുകയാണ്. കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തുടനീളം കാലവര്‍ഷക്കെടുതികളും വ്യാപകമാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ഇതിനകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിലും ഇന്ന് അവധിയില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തെ കണ്ട്രോള് റൂം : 0487-2362424 9447074424