KeralaNEWS

സാമ്പത്തിക പ്രതിസന്ധിമൂലം കൂട്ടആത്മഹത്യാശ്രമം; ഒഴുക്കില്‍പ്പെട്ട മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: നിലമ്പൂര്‍ അമരമ്പലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയെയും കൊച്ചുമകളെയും കണ്ടെത്താനായില്ല. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. അമരമ്പലം സ്വദേശികളായ മുത്തശ്ശി സുശീല (60), കൊച്ചുമകള്‍ അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. അമരമ്പലത്തെ ക്ഷേത്രക്കടവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടത്.

അമരമ്പലത്തെ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ടു കുട്ടികളെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടികളുടെ അമ്മ സന്ധ്യയെ മൂന്നുകിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തി. എന്നാല്‍ സുശീലയെയും അനുശ്രീയെയും കാണാതാകുകയായിരുന്നു.

Signature-ad

കുതിരപ്പുഴയില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍, ഇആര്‍എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക തെരച്ചിലാണ് നടന്നത്. തെരച്ചിലിനായി ബോട്ട് ഉള്‍പ്പെടെ എത്തിച്ചിരുന്നു. കനത്ത മഴ പെയ്തതിനാല്‍ നദിയില്‍ അതിശക്തമായ ഒഴുക്കാണ്. അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബം പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് വിവരം. ഇവരുടെ വീട് ഇടിഞ്ഞു വീണതിനാല്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. വാടക കൊടുക്കേണ്ട ദിവസമാണ് ഇവര്‍ കടുംകൈയ്ക്കു മുതിര്‍ന്നതെന്നും പറയപ്പെടുന്നു. ബുധനാഴ്ച രാത്രി വൈകി നിര്‍ത്തിവെച്ച തെരച്ചില്‍ ദൗത്യസംഘം ഇന്ന് രാവിലെ പുനരാരംഭിച്ചു.

Back to top button
error: