IndiaNEWS

അജിത്തിനെയും സംഘത്തെയും അയോഗ്യരാക്കണം; തിരിച്ചടിക്കാനുറച്ച് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയെ നെടുകെ പിളര്‍ത്തി ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിന്റെ വിമത നീക്കം തടയാന്‍ നടപടികളുമായി ശരദ് പവാര്‍ വിഭാഗം. അജിത് പവാര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ക്കു പാര്‍ട്ടി പരാതി നല്‍കി.

എല്ലാ ജില്ലകളിലെയും അണികള്‍ പാര്‍ട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എന്‍സിപി സമീപിച്ചിട്ടുണ്ട്. രാവിലെ സത്താറയിലെ കരാടില്‍ വൈ.ബി.ചവാന്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാര്‍ നേതാക്കളെ കാണും. പാര്‍ട്ടിയുടെ പേരും ചിഹ്നവും നിലനിര്‍ത്തുക എന്നതാകും പവാറിന് മുന്നിലുളള വെല്ലുവിളി. വിമതപക്ഷത്തെ അധികം കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.

Signature-ad

തിരിച്ചുവരാന്‍ സാധ്യതയുള്ളവരെ ഉന്നമിട്ടാണ് ഈ നീക്കമെന്നാണു സൂചന. 53ല്‍ നാല്‍പ്പതിലധികം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് അജിത് പവാറിന്റെ അവകാശവാദം. സഖ്യവുമായി ആലോചിക്കാതെ ഏകപക്ഷീയമായി ജിതേന്ദ്ര ആവാഡിനെ പുതിയ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതില്‍ കോണ്‍ഗ്രസില്‍ നീരസമുണ്ട്. എന്‍സിപി പിളര്‍ന്നതോടെ 45 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ പ്രതിപക്ഷകക്ഷി. വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെ 8 പേരും അജിത്തിനൊപ്പം ഷിന്‍ഡെഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായി.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കെയാണു ഭരണപക്ഷത്തേക്കു ചേക്കേറിയത്. നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്. അടുത്തിടെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച പ്രഫുല്‍ പട്ടേലും അജിത് ക്യാംപിലേക്കു പോയതു ശരദ് പവാറിനു ഞെട്ടലായി.

Back to top button
error: