റാന്നി: ബലക്ഷയം നേരിടുന്ന പുതമണ്‍ പാലം വീണ്ടും അടച്ചു.റാന്നി- കോഴഞ്ചേരി റൂട്ടിൽ കീക്കൊഴൂരിന് സമീപത്താണ് പുതമണ്‍ പാലം.
പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം തടഞ്ഞത്. ഒരു കരയിലെ തൂണ് ഇടിഞ്ഞതുമൂലം ബീമുകള്‍ താഴുകയും സ്ലാബിന് വിള്ളല്‍ വീഴുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാൻ കരാറായതായി പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അറിയിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതീക്ഷയിലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നിര്‍മാണപ്രവൃത്തിയും ആരംഭിക്കാതെ വന്നതോടെ പാലത്തില്‍ തടസ്സം സൃഷ്ടിച്ച് വെച്ചിരുന്ന പാറക്കല്ലുകള്‍ നാട്ടുകാർ എടുത്തു മാറ്റുകയായിരുന്നു.ഇതോടെ വാഹനങ്ങള്‍ വീണ്ടും പാലത്തിലൂടെ ഓടിത്തുടങ്ങി.ഇതാണ് അധികൃതരെത്തി ഇപ്പോൾ വീണ്ടും അടച്ചിരിക്കുന്നത്.
കീക്കൊഴൂരിനും വാഴക്കുന്നത്തിനും ഇടയിലുള്ളവര്‍ നിലവിൽ പാലത്തിന് മറുകരയിലെത്തി ഓട്ടോറിക്ഷയെയും ടാക്സിയെയും വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇതോടെ സംജാതമായിരിക്കുന്നത്.സര്‍വിസ് ബസുകളും മറ്റു വാഹനങ്ങളും വീണ്ടും ചെറുകോൽപ്പുഴ വഴി ചുറ്റിത്തിരിഞ്ഞു പോകേണ്ടിയുംവരും.അടിയന്തരമായി താല്‍ക്കാലിക പാലം നിര്‍മിച്ച് നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.