KeralaNEWS

ഗവിയിലേക്ക് 500 ട്രിപ്പുകളുമായി കെഎസ്ആർടിസി;ആറു മാസം കൊണ്ട് നേടിയത്‌ രണ്ട്‌ കോടിയിലധികം രൂപ !

പത്തനംതിട്ട: കാറ്റും കാടിന്റെ കുളിരും ജലസംഭരണികളുടെ നീലിമയും നനുത്ത്‌ ചാറുന്ന മഴയും തുടങ്ങി സഞ്ചാരികൾക്ക് വേണ്ടതെല്ലാം നൽകി സ്വീകരിക്കുന്ന  ഗവിയിലേക്ക് വിനോദ യാത്രാ പാക്കേജിന്റെ 500-ാം സര്‍വിസിന്‌ ഒരുങ്ങി‌ കെ.എസ്‌.ആര്‍.ടി.സി.
ആറു മാസം കൊണ്ട്‌ രണ്ട്‌ കോടിയിലധികം രൂപ വരുമാനവുമായാണ്‌ ബജറ്റ്‌ ടുറിസം സെല്‍ കെ.എസ്‌.ആര്‍.ടി.സി നടത്തുന്ന ഗവി ജംഗിള്‍ സഫാരി അതിന്റെ 500-ാം യാത്രയിലെക്ക്‌ കടക്കുന്നത്‌.വടക്ക്‌ കണ്ണൂര്‍ മുതല്‍ തെക്ക്‌ പാറശാല വരെയുള്ള ഡിപ്പോകളില്‍ നിന്നുമാണ്‌ ഗവിയുടെ മനോഹാരിതയിലേക്ക്‌ ആനവണ്ടികള്‍ ഓടിക്കയറുന്നത്‌.
ഇക്കാലയളവില്‍ 18,000 യാത്രക്കാര്‍ ആന വണ്ടിയോടൊപ്പം കോടമഞ്ഞിന്റെ കുളിര്‍മയില്‍ മഴയുടെ അകമ്ബടിയോടെ ഗവിയുടെ സൗന്ദര്യം നുകര്‍ന്നു. കഴിഞ്ഞ ‍ഡിസംബര് ഒന്നിന്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത യാത്രയുടെ തുടര്‍ച്ചയായാണ്‌ ഗവി ട്രിപ്പ്‌ അഞ്ഞൂറ്‌ വിജയ യാത്രകള്‍ പൂര്‍ത്തീകരിക്കുന്നത്‌.
ഗവി കാഴ്‌ചകള്‍ കണ്ട്‌ കാടിന്റെ വശ്യ മനോഹാരിത ആസ്വദിച്ച്‌ കാട്‌ തൊട്ടറിഞ്ഞ്‌ നൂറിലധികം കിലോ മീറ്റര്‍ നീളുന്ന കാനന യാത്രയാണ് കെഎസ്ആർടിസി‌ ഒരുക്കുന്നത്‌. വ്യൂ പോയന്റുകളും കെ.എസ്‌.ഇ.ബിയുടെ കീഴിലുള്ള എട്ട്‌ ഡാമുകളും ഈ യാത്രയുടെ ഭാഗമായി കാണാന്‍ അവസരം ഒരുക്കുന്നുണ്ട്‌.
കാനന പാതയോരങ്ങള്‍, മൂഴിയാര്‍, കക്കി, ആനത്തോട്‌, കൊച്ചു പമ്ബ, ഗവി തുടങ്ങിയ ഡാമുകള്‍ സന്ദര്‍ശിച്ച്‌ വള്ളക്കടവ്‌ വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ സന്ദര്‍ശിച്ച്‌ തിരികെ പത്തനംതിട്ട എത്താം. കെ.എസ്‌.ആര്‍.ടി.സിയുടെ ഗവി മേഖലയില്‍ പരിചയസമ്ബന്നരായ ജീവനക്കാരെയാണ്‌ യാത്രയില്‍ പത്തനംതിട്ടയില്‍ നിന്നും ഇതിനായി നിയോഗിക്കുന്നത്‌.

Back to top button
error: