ദുബൈ: യുഎഇയില്‍ 90 ശതമാനം വരെ വിലക്കുറവുമായി സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് ആണ് 12 മണിക്കൂര്‍ മാത്രം നീണ്ടു നില്ക്കുന്ന വ്യാപാര മേള സംഘടിപ്പിക്കുന്നത്. ജൂണ്‍ 29ന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും സൂപ്പര്‍ സെയില്‍.
മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റ തെരഞ്ഞെടുക്കപ്പെട്ട മാളുകളിലാണ് ഈ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ നടക്കുക. നൂറിലധികം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 90 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് അറിയിപ്പ്. ജൂണ്‍ 29ന് ആരംഭിക്കുന്ന ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവം സെപ്റ്റംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഷോപ്പിങ് ഓഫറുകള്‍ക്ക് പുറമെ സംഗീത, വിനോദ പരിപാടികളും വന്‍ സമ്മാനങ്ങള്‍ നല്കുന്ന നറുക്കെടുപ്പുകളും ഭക്ഷ്യ മേളകളുമെല്ലാം സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി നടക്കും.
ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേറ, സിറ്റി സെന്റര്‍ മിഐസം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ എന്നിവിടങ്ങളിലായിരിക്കും 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ നടക്കുകയെന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങേണ്ട സാധനങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാമെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. 300 ദിര്‍ഹത്തിന് മുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് ഒരു മില്യന്‍ ഷെയര്‍ പോയിന്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനും സാധിക്കും.