ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചർച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വർധിക്കുകയാണ്. കൂടാതെ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബിൽഡർ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണൽസിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്.
ചാറ്റ് ജിപിടി വിദഗ്ധർക്ക് പ്രതിവർഷം 185,000 ഡോളർ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നൽകാൻ ലിങ്ക്ഡ്ഇന്നിലെ കമ്പനികൾ തയ്യാറാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു. യുഎസ് ആസ്ഥാനമായുള്ള എച്ച്ആർ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാർട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകൾ പരീക്ഷിച്ചിരുന്നു.
മുൻപ് ആപ്പിളിന്റെ ഉത്പന്നങ്ങളില്‍ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക് അറിയിച്ചത് വാർത്തയായിരുന്നു. ചാറ്റ്ബോട്ട്, ചാറ്റ് ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അന്നദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇവ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓപ്പൺ എഐ പുതിയ റെക്കോർഡിലേക്ക് കുതിച്ചെന്ന വാർത്ത ചർച്ചയായത് അടുത്തിടെയാണ്. പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സാണ് ഓപൺ എഐയുടെ വെബ്സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപൺ എഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി.
യുഎസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ ആന്റ് ഡാറ്റ കമ്പനിയായ സിമിലാർ വെബിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാർച്ചിലെ വിസിറ്റേഴ്സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജൻസി വിശകലനം ചെയ്തത്.ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്.