KeralaNEWS

സൈനികനാണ്, കണ്ണരുട്ടലും വിരട്ടലും ഇങ്ങോട്ട് വേണ്ട; തല്ലിയ നേതാവ് ചര്‍ച്ചയ്ക്കെത്തി, ഇറങ്ങിപ്പോയി രാജ്മോഹന്‍

കോട്ടയം: തിരുവാര്‍പ്പിലെ ബസ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍ ഇറങ്ങിപ്പോയി. പോലീസിന്റെ കണ്‍മുന്നിലിട്ട് രാജ്‌മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആര്‍. അജയ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തതാണ് ബഹിഷ്‌കരണത്തിന് കാരണം. തന്നെ മര്‍ദ്ദിച്ച പ്രതിക്കൊപ്പം ചര്‍ച്ചയ്ക്കില്ലെന്ന് രാജ്‌മോഹന്‍ നിലപാടെടുത്തു. ചര്‍ച്ച ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ രാജ്‌മോഹന്‍, ആക്രമിച്ച സിഐടിയു നേതാവിനെ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് മുന്‍സീറ്റില്‍ ഇരുത്തിയതിനെതിരേ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

”ഇവിടെ വന്നപ്പോള്‍ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയില്‍ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബര്‍ ഓഫിസറുടെ മുന്നിലെ കസേരയില്‍ ഇരുത്തി എന്നെ ചര്‍ച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിത്” രാജ്‌മോഹന്‍ പറഞ്ഞു.

Signature-ad

”പെരുവഴിയില്‍ എന്നെ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് മുന്നില്‍ ഇരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യക്കേസ് നടത്തിയ പ്രതിയെ. ഇതാണ് അവസ്ഥ. എന്നെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കില്‍ ഞാനൊന്നു പറയാം; ഈ രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈന്യസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് ഞാന്‍. ആ എനിക്ക് പേടിക്കാന്‍ പറ്റില്ല. മരണം വരെ ഞാന്‍ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്‍ക്കും വേണ്ടി പോരാടും. നിങ്ങള്‍ക്കു ചെയ്യാവുന്നതു ചെയ്‌തോളൂ.” – മെഡലുകള്‍ ഉയര്‍ത്തിക്കാട്ടി രാജ്‌മോഹന്‍ പറഞ്ഞു.

 

Back to top button
error: