സീനിയോററ്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെ പത്മകുമാറിനായിരുന്നു അവസാന നിമിഷം വരെ സാധ്യത ഉണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്മകുമാര്‍ തന്നെ സംസ്ഥാന പൊലീസ് മേധാവി എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍, മന്ത്രിസഭാ യോഗത്തിനു മണിക്കൂറുകള്‍ക്കു മുൻപുണ്ടായ ചില നീക്കങ്ങളാണ് പത്മകുമാറിനു തിരിച്ചടിയായി മാറിയിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം ചീഫ് സെക്രട്ടറി നിയമനവും സര്‍ക്കാറിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍, ഒരേ സമുദായത്തില്‍ നിന്നു തന്നെ രണ്ടു സ്ഥാനത്തേക്കും പരിഗണിക്കേണ്ടതില്ലന്ന നിലപാടിനാണ് സി.പി.എമ്മിലും മുൻതൂക്കം ലഭിച്ചിരുന്നത്. ഇക്കാര്യം സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. സത്താര്‍ കുഞ്ഞിനു ശേഷം, നീണ്ട ഒരിടവേളയ്ക്കു ശേഷം മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരാള്‍ സംസ്ഥാന പൊലീസ് ചീഫ് ആകുന്നത് ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ നേട്ടമാകുമെന്ന രാഷ്ട്രീയ വിലയിരുത്തലും സി.പി.എം നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനു പുറമെ, പത്മകുമാര്‍ ഉള്‍പ്പെട്ടെ പഴയ ‘വിവാദം’ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായാല്‍ വീണ്ടും ഉയരുമെന്ന കൃത്യമായവിവരം കൂടി മുഖ്യമന്ത്രിക്കു ലഭിച്ചതോടെയാണ് അവസാന നിമിഷം പത്മകുമാര്‍ ചിത്രത്തില്‍ നിന്നും ഔട്ടായി പോയത്.
1990 ബാച്ചിലെ ഐപിഎസ് ഓഫിസറായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസകോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സംഘടനയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി.
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്ബിസിഐഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷനല്‍ എക്‌സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.
വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.