CrimeNEWS

മുന്‍ എസ്.എഫ്.ഐക്കാരുടെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസ്; നിഖിലിന്റെ കൂട്ടുപ്രതി അബിന്‍ സി. രാജ് പിടിയില്‍

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്.എഫ്.ഐ. നേതാവ് അബിന്‍ സി രാജ് പിടിയില്‍.മാലിദ്വീപില്‍നിന്ന് എത്തിയപ്പോള്‍ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിന്‍ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു.

അബിന്‍രാജ് മാലിദ്വീപില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിന്‍രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. അതിനിടെയാണ് പിടിയിലായത്.

Signature-ad

കൊച്ചിയിലെത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ കായംകുളം എസ്.എഫ്.ഐ.യുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. പിന്നീട് അധ്യാപകനായി ജോലി ലഭിച്ച ശേഷം മാലിദ്വീപിലേക്ക് പോയി. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളോട് നാട്ടിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. നാട്ടിലെത്തിയപ്പോള്‍ തന്നെ പോലീസ് പിടികൂടുകയായിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധികേന്ദ്രം അബിനാണെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു. ഇതോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളും അബിന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. കായംകുളം എസ്.ഐ. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയാണ് അബിന്‍രാജിനെ കസ്റ്റഡിയിലെടുത്തത്. അബിന്‍രാജിന്റെ അമ്മയും മാലിദ്വീപില്‍ ജോലിചെയ്യുകയായിരുന്നു. അവര്‍ കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു.

അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയതായുമാണ് നിഖില്‍ വ്യക്തമാക്കിയത്. അബിനെ ചോദ്യംചെയ്യുന്നതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. നിഖില്‍ തോമസിനെ ചോദ്യംചെയ്തതിലൂടെയും വീട്ടില്‍ നടത്തിയ പരിശോധനയിലുമായി അബിന്‍രാജുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയും അന്വേഷണസംഘം നിഖിലിനെ വിശദമായി ചോദ്യംചെയ്തു. ഇയാള്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണു പോലീസ് പറയുന്നത്. പറയുന്നതു പലതും കള്ളമാണ്. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് ഒളിവില്‍ക്കഴിയാന്‍ ആരാണു സഹായിച്ചതെന്നും വ്യക്തമായിട്ടില്ല.

നിഖില്‍ തോമസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു. കായംകുളം എം.എസ്.എം. കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: