ഒരു കൃഷി വിജയിപ്പിച്ച് എടുക്കാന്‍ കര്‍ഷകര്‍ എടുക്കുന്ന വളരെ വലുതാണെന്ന് നമുക്കെല്ലാവര്‍ക്കും. കാലാവസ്ഥ, കീടബാധ, മറ്റ് ജീവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ എന്ന് തുടങ്ങീ നിരവധി പ്രതിസന്ധികളെ മറികടന്നാണ് കര്‍ഷകര്‍ കൃഷി വിജയത്തിലേക്കെത്തിക്കുന്നത്. അതിക്രമിച്ച് കയറി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊണ്ട് കര്‍ഷകര്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.
ഇത്തരത്തില്‍ തന്റെ വിള നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താന്‍ ഒരു കര്‍ഷകന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏവരിലും കൗതുകം പകര്‍ത്തുന്നത്. തന്റെ കരിമ്പുപാടത്ത് എത്തി കരിമ്പ് നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താന്‍ സ്വയം ഒരു കരടിയുടെ വേഷം കെട്ടുകയാണ് ഒരു കര്‍ഷകന്‍ ചെയ്തത്. അങ്ങ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് ഈ കൗതുകകരമായ സംഭവം.
കുരങ്ങന്മാര്‍ പതിവായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകന്‍ ഈ മാര്‍ഗം സ്വീകരിച്ചത്. പാടത്തിന്റെ നടുവില്‍ കരടിയുടെ വേഷവും ധരിച്ച് കര്‍ഷകര്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കരടി വേഷം കെട്ടാന്‍ തുടങ്ങിയതോടെ കുരങ്ങന്മാര്‍ പാടത്തേക്ക് വരുന്നത് കുറഞ്ഞെന്നാണ് കര്‍ഷകന്റെ സാക്ഷ്യം. 45 ഓളം കുരങ്ങന്മാര്‍ സ്ഥിരം പാടത്തെത്തി കൃഷി നശിപ്പിക്കുമായിരുന്നെന്നും, അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി ആകാതെ വന്നതോടെയാണ് ഈ മാര്‍ഗം പിന്തുടര്‍ന്നതെന്നുമാണ് കര്‍ഷകന്‍ പറയുന്നത്. നാലായിരം രൂപയോളം മുടക്കിയാണ് കടയില്‍ നിന്ന് കരടിവേഷം മേടിച്ചതെന്നും ഇദ്ദേഹം പറയുന്നു.