KeralaNEWS

ഒളിപ്പിക്കാനായില്ല, നിഖില്‍ തോമസിന്റെ വീട്ടില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും കണ്ടെത്തി

ആലപ്പുഴ: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവില്‍ പോയതിനാല്‍ രേഖകള്‍ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിര്‍ണായക തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നാണു നിഖില്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, ആ സ്ഥലത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് കളവാണെന്നു മനസ്സിലായി.

Signature-ad

സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടപ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ കൊടുത്തത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. എസ്എഫ്ഐ മുന്‍ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി.

Back to top button
error: