CrimeNEWS

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പിന് ശ്രമം; ഗുജറാത്ത് സ്വദേശി പിടിയില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന വന്‍തുക തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇതേ വിലാസം ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളില്‍ ഇയാള്‍ പ്രവേശനം തരപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു. വഡോദര സ്വദേശി മായങ്ക് തിവാരിയാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്.

താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവാണെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും ഇയാള്‍ നേടിയെടുത്തു എന്നാണ് വിവരം. കുടുംബ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്റെ മക്കള്‍ക്കാണ് ഇയാള്‍ സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ നേടി കൊടുത്തത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ സ്‌കൂളിനെ ഭാഗമാക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനായി വന്‍തുക സ്‌കൂള്‍ അധികൃതരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു.

Signature-ad

എന്നാല്‍, പിന്നീട് സംശയം തോന്നിയ അധികൃതര്‍ ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയും മായങ്ക് തിവാരി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനല്ലായെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരേ വിശ്വാസവഞ്ചനയുള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ കേസില്‍ അഹമ്മദാബാദ് സ്വദേശിയായ കിരണ്‍ പട്ടേല്‍ എന്നയാളും പോലീസിന്റെ പിടിയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയരക്ടറാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ശ്രീനഗറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ജമ്മുകശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

 

 

 

Back to top button
error: