പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകള്‍; സ്പ്രിംക്ലര്‍ മുതല്‍ ചൂരല്‍മല ടൗണ്‍ഷിപ്പും ദുരിതാശ്വാസ നിധിയും കടന്ന് ‘അവന്‍, ഇവന്‍ വരെ’; സഭയിലും തുടരുന്ന നുണകളുടെ പരമ്പര; മാധ്യമങ്ങളില്‍ പരിഹാസ്യ കഥാപാത്രമായി വി.ഡി. സതീശന്‍; എല്ലാം പൊളിഞ്ഞിട്ടും തിരുത്തില്ല

തിരുവനന്തപുരം: പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ സഭയിലെ പ്രസംഗം പ്രതിപക്ഷത്തിനും നാണക്കേടാകുന്നു. സഭയ്ക്ക് അകത്തും പുറത്തും വി.ഡി. സതീശനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന്‍ തടിയൂരാനാണു ശ്രമിച്ചത്. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവന്‍, ഇവന്‍ എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന്‍ തയാറായിട്ടില്ല.
ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്‍കുമെന്നു പറഞ്ഞ 30 വീടുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി.
വയനാടു ദുരിതത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്കു പണം നല്‍കരുതെന്നു ഞങ്ങളാരും പറഞ്ഞിട്ടില്ല എന്നായിരുന്നു സതീന്റെ മറ്റൊരു നുണ. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരന്റെ വീഡിയോ പുറത്തു വന്നതോടെ ഇതും പൊളിഞ്ഞു. സിപിഎമ്മിനു പണം നല്‍കേണ്ടെന്നും കോണ്‍ഗ്രസിന്റെ ആപ്പിലൂടെ പണം നല്‍കിയാല്‍ മതിയെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയടക്കം ഇതിനെ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹമൊഴിച്ച് അധികം യുഡിഎഫ് എംപിമാരോ എംഎല്‍എമാരോ നിധിയിലേക്കു പണം നല്‍കിയില്ല.
ഇതിനുമുമ്പ് സ്പ്രിംക്ലര്‍ എന്ന സ്ഥാപനത്തിലൂടെ സര്‍ക്കാര്‍ രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു സതീശന്റെ ആരോപണം. ഇത് കോടതിയില്‍ അമ്പേ പൊളിഞ്ഞുപോയി. കോവിഡുമായി ബന്ധപ്പെട്ടു ഡാറ്റ ഉപയോഗിച്ചു രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമമായിരുന്നു ഇത്. കെ. സുരേന്ദ്രനും, വി.ഡി. സതീശനും അടക്കമുള്ളവര്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചപ്പോള്‍ ഒരുതരത്തിലുമുള്ള ഡാറ്റ ചോര്‍ച്ചയും നടന്നിട്ടില്ല എന്ന് അടിവരയിട്ടു വ്യക്തമാക്കി. അഞ്ചുവര്‍ഷം കേരളം കത്തിച്ചു നിര്‍ത്തിയ ദുരാരോപണമായിരുന്നു സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശബരിമല കേസ് അന്വേഷിക്കുന്ന എസ്‌ഐടിക്കു സമ്മര്‍ദം എന്നായിരുന്നു മറ്റൊന്ന്. എന്നാല്‍, എസ്‌ഐടി സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിന്‍മേലുള്ള ഇടക്കാല ഉത്തരവുകളിലൊന്നിലും ഇത്തരത്തില്‍ ഒരു സൂചനയോ അതൃപ്തിയോ ഹൈക്കോടതി രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും രണ്ട് എംഎല്‍എമാര്‍ സഭയ്ക്കു പുറത്ത് സമരത്തിലാണ്. ഈ സമരം ആര്‍ക്കെതിരേയാണ് എന്നാണ് ചോദ്യം.
എസ്‌ഐടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എസ്‌ഐടിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് സതീശന്‍ രംഗത്തുവന്നത്. അന്നും രണ്ട് എംഎല്‍എമാരെ സത്യഗ്രഹം ഇരുത്താന്‍ വിട്ടിരുന്നു. എസ്‌ഐടിക്ക് ഉത്തരവിട്ടിരിക്കുന്നത് കോടതിയാണ്. മേല്‍നോട്ടവും റിപ്പോര്‍ട്ട് നിരീക്ഷണവും ഹൈക്കോടതിയാണ് നിര്‍വഹിക്കുന്നത്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വി.ഡി.സതീശന്‍, ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്. ‘ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്കുണ്ടായി. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്’- സതീശന്‍ പരിഹസിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നതിനോടു പ്രതികരിക്കുകയായിരുന്നു സതീശന്‍.
സതീശന്‍ അണികളെ ആവേശഭരിതരാക്കന്‍ തരംതാണ പദപ്രയോഗങ്ങളാണു നടത്തുന്നതെന്നു മന്ത്രി വി.ശിവന്‍കുട്ടി ഇതിനോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയില്‍ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. ‘ഞാന്‍ പേടിച്ചു പോയി’ എന്ന ബോര്‍ഡ് സതീശന്റെ ഫോട്ടോയ്ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. ഞങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവും. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും മന്ത്രി തിരിച്ചടിച്ചു.
ഇതിനിടെ ശിവന്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് പരാതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എല്‍.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടിസ് നല്‍കി . മന്ത്രി വി.ശിവന്‍കുട്ടിയെയും മന്ത്രിസഭയെയും അവഹേളിച്ചു എന്ന് കാണിച്ച് വി. ജോയി എം.എല്‍. എയാണ് നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തി എന്നും എത്തിക്‌സ് കമ്മറ്റി ഇടപെടന്നമെന്നുമാണ് നോട്ടിസിലെ ആവശ്യം.
പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രിസഭയെയും അപ്പാടെ അപമാനിച്ചു എന്ന് കാണിച്ചാണ് അവകാശലംഘന നോട്ടിസ്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തിയെന്നും വി.ഡി. സതീശന് ഹുങ്കാണെന്നും വിജോയി പറഞ്ഞു. നോട്ടിസ് എത്തിക്‌സ് കമ്മറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും.
അതേസമയം പ്രശ്‌നത്തിന് അടിസ്ഥാനമായ സോണിയാ ഗാന്ധിയെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്യണമെന്ന വി.ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഏറ്റുപിടിക്കേണ്ട എന്ന നിലപാടിലാണ് ഇടതുപക്ഷം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിരന്തരം സോണിയാ ഗാന്ധിയുടെ പേര് മന്ത്രി വി.ശിവന്‍കുട്ടി വലിച്ചിഴക്കുന്നത് സിപിഎം കേന്ദ്ര നേതൃത്വം തള്ളിയത് ഈ നിലപാടിന്റെ തുടര്‍ച്ചയാണ് . ശിവന്‍ കുട്ടി – സതീശന്‍ വാഗ് പോര് നിയമസഭയില്‍ പരാമര്‍ശിക്കാന്‍ പി.പി. ചിത്തരഞ്ജന്‍ ശ്രമിച്ചത് സ്പീക്കര്‍ കടുത്ത ഭാഷയില്‍തന്നെ തടഞ്ഞതും ശ്രദ്ധിക്കപ്പെട്ടു.






