കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇടമുളക്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ചാരുവിനെ ജോലിയില്‍ നിന്നും പഞ്ചായത്ത് ഭരണസമതി നീക്കം ചെയ്തു. എം.എസ് പാര്‍വതി എന്ന വ്യക്തിക്ക് മറ്റൊരു പഞ്ചായത്തില്‍ ജോലി നേടാനായി ഇടമുളക്കല്‍ പഞ്ചായത്തില്‍ ജോലി ചെയ്തതായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് എ.ഇ വ്യാജമായി നല്‍കിയത്.
സംഭവം പുറത്തായതോടെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിക്കുകയും പഞ്ചായത്ത് ഓഫീസ് പടിയില്‍ ഉപരോധം നടത്തുകയും ചെയ്തു. ഇതോടെയാണ് തൊഴിലുറപ്പ് എ.ഇയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്.
പഞ്ചായത്ത് സെക്രട്ടറിയുടെ സീലും ലെറ്റര്‍ പാടും ഉപയോഗിച്ചാണ് പാര്‍വതി പഞ്ചായത്തില്‍ ജോലി ചെയ്തതായി എ.ഇ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍, പാര്‍വ്വതി എന്നയാള്‍ പഞ്ചായത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും ജോലി ചെയ്താല്‍ പോലും ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മാത്രമേ അധികാരമുള്ളുവെന്നും പ്രതിപക്ഷം പറഞ്ഞു.
തൊഴിലുറപ്പ് എ.ഇ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണെന്നും ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യാതൊരു അധികാരവുമില്ലെന്നും പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത് സമിതി എ.ഇയെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.