Breaking NewsKeralaLead NewsNEWS

രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ​ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. രാഹുലിനെതിരെ രൂക്ഷമായ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ കോടതിൽ ഉന്നയിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണ വിധേയനായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

‘ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്. എംഎൽഎയും സ്വാധീനശക്തിയുള്ള ആളുമാണ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ. പരാതിക്കാർ കടുത്ത സൈബർ ആക്രമണം നേരിട്ടു. ഇതാണ് സാഹചര്യമെങ്കിൽ ആര് പരാതി നൽകാൻ മുന്നോട്ട് വരും?, പ്രോസിക്യൂഷൻ ചോദിച്ചു. അതുപോലെ പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.

അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം. സദാചാരപരമായും അതിൽ തെറ്റില്ല. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനായ പുരുഷനാണ്. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒരു കേസിലും ഇതുവരെ അന്വേഷണം പൂർത്തിയായില്ലല്ലോ? കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ മുൻകാല കുറ്റകൃത്യം പരിഗണിക്കാനാവില്ല’,- ഹൈക്കോടതി നിരീക്ഷിച്ചു.

അതോടൊപ്പം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമാണ്. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗർഭഛിദ്രം നടത്തിയതെന്നും ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ നിർബന്ധിച്ചെന്നും കോടതി നിരീക്ഷിച്ചു. കുട്ടി വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്സ് ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേർക്കുകയും ചെയ്തു.

അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: