ഒരുവര്‍ഷം മുമ്പ് മരവിപ്പ് മാറ്റണമെന്ന ശിപാര്‍ശ നല്‍കിയത് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍; ക്രെഡിറ്റ് അടിച്ചുമാറ്റി സുരേഷ് ഗോപി; ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് പുതുജീവന്‍; ഇനി സ്ഥലം ഏറ്റെടുപ്പ് യുദ്ധം; സര്‍വേയും പാതിവഴിയില്‍

തൃശൂര്‍: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കു വീണ്ടും ജീവന് വയ്ക്കുന്നു. പദ്ധതി മരവിപ്പിച്ച 2019ലെ നടപടി റെയില്‍വേ റദ്ദാക്കി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണു നടപടി.
ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍തന്നെ മരവിപ്പിക്കല്‍ റദ്ദാക്കണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് റെയില്‍വേ ബോര്‍ഡിനു ശിപാര്‍ശ നല്‍കിയിരുന്നു. തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗമെന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാര്‍ശ.
35 കിലോമീറ്ററോളം വരുന്ന പദ്ധതിയുടെ ഇഴച്ചില്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളില്‍ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാല്‍ തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂര്‍-കുറ്റിപ്പുറം പാതയെന്നായിരുന്നു പേര്. 1995 ഡിസംബര്‍ 17ന് റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് കല്‍മാഡി വടക്കോട്ടുള്ള പാതയ്ക്കു തറക്കല്ലിട്ടു. ആ വര്‍ഷം കേന്ദ്ര ബജറ്റില്‍ 37 കോടി വകയിരുത്തി. ഈ പദ്ധതിക്കൊപ്പം തറക്കല്ലിട്ട തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പാതകളില്‍കൂടി ട്രെയിന്‍ ഓടിത്തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.
സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. ഇതു വൈകിയതോടെയാണ് പദ്ധതി വൈകുന്നതെന്നാണ് ആരോപണം. വ്യാപാരികളുടെ പരാതിയെത്തുടര്‍ന്നു രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലും പദ്ധതിയുടെ മരവിപ്പു മാറ്റാനുള്ള തീരുമാനത്തില്‍ നിര്‍ണായകമായെന്നാണു വിവരം. കേരളത്തില്‍ നടക്കുന്ന തുറമുഖ വികസനത്തിനും ചരക്കു ഗതാഗതത്തിനും വ്യവസായ ഇടനാഴി വികസനത്തിനും കുന്നംകുളം, ചാവക്കാട്, ചങ്ങരംകുളം, എടപ്പാള്‍, തവനൂര്‍, തിരുനാവായ, തിരൂര്‍ എന്നിവിടങ്ങളുടെ വികസനത്തിനും പാത ഗുണം ചെയ്യും.






