കണ്ണൂര്‍: പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ കാറില്‍നിന്ന് വന്‍ മയക്കുമരുന്നു വേട്ട. കേരള- കര്‍ണാടക അന്തര്‍സംസ്ഥാന പാതയായ കൂട്ടുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞ, KL 78 C 2950 നമ്പര്‍ കാര്‍ ഇരിട്ടി കല്ലുമുട്ടിയില്‍ പോലീസ് പിന്തുടര്‍ന്നു പിടികൂടി വാഹനം പരിശോധിച്ചപ്പോള്‍ 74 ഗ്രാം എം.ഡി.എം.എ. വാഹനത്തില്‍ നിന്നും കണ്ടെടുത്തു.
കല്ലുമുട്ടി സ്വദേശി കെ. ശരത് (35), നടുവനാട് സ്വദേശി അമല്‍ ശ്രീധരന്‍ (25) എന്നിവരാണ് പിടിയിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ആയ ഡാന്‍സാഫിന്റെ സഹായത്തോടെ ഇരിട്ടി പോലീസാണ് പ്രതികളെ പിടികൂടിയത്. മാസങ്ങളായി ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: വി. രമേശന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഇരിട്ടി എസ്എച്ച്ഒ: കെ.ജെ ബിനോയ്, എസ്‌ഐ: എ. സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ മജീദ്, സുനില്‍ ജോസഫ്, സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. റൂറല്‍ ജില്ലാ പോലീസ് നടത്തിയ ഏറ്റവും വലിയ രണ്ടാമത്തെ ലഹരി വേട്ടയാണിത്. കഴിഞ്ഞ ഡിസംബറില്‍ 300 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ കൂട്ടുപുഴയില്‍ വെച്ച് പിടികൂടിയിരുന്നു.