LIFELife Style

നിങ്ങളുടെ മക്കളെ നല്ലരീതിയില്‍ സ്വാധീനിക്കാൻ മാതാപിതാക്കള്‍ക്ക് എന്നും ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍…

കുട്ടികളെ നോക്കിവളര്‍ത്തുകയെന്നത് അത്ര നിസാരമല്ലെന്ന് മുതിര്‍ന്നവര്‍ എപ്പോഴും പറയുന്നത് കേള്‍ക്കാം. തീര്‍ച്ചയായും കുട്ടികളെ വളര്‍ത്തുകയെന്നത് ചെറിയ കാര്യമല്ല. ഭാരിച്ചൊരു ഉത്തരവാദിത്തം തന്നെയാണത്. നാളെ മികച്ചൊരു വ്യക്തിയായി കുട്ടി സമൂഹത്തിലേക്ക് ഇറങ്ങണമെങ്കില്‍ അതിന് മാതാപിതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ സമയബന്ധിതമായി ഉണ്ടാകണം.

നല്ല വിദ്യാഭ്യാസത്തിനൊപ്പം തന്നെ നല്ല പെരുമാറ്റം, ലോകത്തെ കുറിച്ചുള്ള അവബോധം, നല്ല ശീലങ്ങള്‍, ആരോഗ്യകരമായ ജീവിതരീതി എല്ലാം കുട്ടികള്‍ പഠിച്ചെടുക്കണം. ഇതിന് മാതാപിതാക്കളോളം അവരെ സഹായിക്കാൻ സാധിക്കുന്നവരില്ലെന്ന് തന്നെ പറയാം. ഇത്തരത്തില്‍ കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ദിവസവും ചെയ്യാവുന്ന ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  1. ഇന്ന് മിക്ക കുട്ടികളും മൊബൈല്‍ ഫോണില്‍ സമയം ചെലവിടാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ അത്യാവശ്യം പുസ്തകവായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത് നല്ലതാണ്. ഇതിനായി കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും വായനയില്‍ താല്‍പര്യം കാണിക്കണം. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ഒരുമിച്ച് ഇങ്ങനെ വായനയ്ക്കായി മാറ്റിവയ്ക്കാം.
  2. കുട്ടികള്‍ വീട്ടിനകത്ത് തന്നെ ഫോണിലും ഗെയിമിലുമെല്ലാമായി ചടഞ്ഞുകൂടുന്നത് ഒഴിവാക്കാനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും കായികവിനോദങ്ങളില്‍ ഏര്‍പ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കണം. വീടിന് പുറത്തുവച്ച് കളിക്കാവുന്ന ഗെയിമുകളിലേക്ക് അവരെ ആകര്‍ഷിക്കണം. ഇതിന് മാതാപിതാക്കളും മുൻകയ്യെടുക്കണം. ക്രിക്കറ്റ്, ഫുട്ബോള്‍, ഷട്ടില്‍ എന്നിങ്ങനെയുള്ള കായികവിനോദങ്ങളെല്ലാം തെരഞ്ഞെടുക്കാവുന്നതാണ്.
  3. കുട്ടികളിലെ കലാവാസനയും ക്രിയാത്മകതയും മാതാപിതാക്കള്‍ കണ്ടെത്തി, പരിപോഷിപ്പിക്കാൻ ശ്രമിക്കണം. ഇതിനും ദിവസത്തില്‍ അല്‍പസമയം കാണുക.
  4. കുട്ടികള്‍ എപ്പോഴെങ്കിലും ഭക്ഷണം കഴിക്കട്ടെ, അവര്‍ക്ക് താല്‍പര്യമുള്ളപ്പോള്‍ താല്‍പര്യമുള്ള രീതിയില്‍ എന്ന തരത്തില്‍ എപ്പോഴും അവരെ വിടരുത്. ദിവസത്തിലൊരിക്കലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടാക്കിയാല്‍ അത് ഏറെ നല്ലതാണ്.
  5. പഠനകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കാനും, ചിന്താപരമായി കുട്ടി മുന്നിലെത്താനും സഹായകമാകുന്ന രീതിയില്‍ അവരെ വ്യത്യസ്തമായ രീതിയില്‍ പരിശീലിപ്പിക്കാൻ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ മതിയാകൂ. ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഗെയിമുകള്‍, സയൻസ് എക്സ്പിരിമെന്‍റുകള്‍, കണക്കുകള്‍ എന്നിവയെല്ലാം ഇങ്ങനെ കുട്ടികള്‍ക്കൊപ്പം ചെയ്യാം. ഒന്നിനും അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  6. കുട്ടികളാണെന്ന് കരുതി കാര്യമായ കാര്യങ്ങളിലൊന്നും അവരെ പങ്കെടുപ്പിക്കാതെ പൂര്‍ണമായും കളിയും കുസൃതിയും മാത്രമാകരുത്. അവര്‍ക്ക് യോജിക്കും വിധത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പിച്ച് പരിശീലിപ്പിക്കണം. സ്വന്തം കാര്യങ്ങള്‍ ചെയ്ത് ശീലിക്കുന്നതിലേക്കും അവരെ എത്തിക്കണം. മുറി വൃത്തിയാക്കുക, വസ്ത്രങ്ങള്‍ മടക്കുക, അടുക്കളയിലെ സഹായം എന്നിങ്ങനെ എന്തുമാകാം ഇത്. എല്ലാ കാര്യങ്ങളിലും അവരെ അഭിനന്ദിക്കാനും മറക്കല്ലേ.
  7. കുട്ടികളുമായി രസകരമായ കാര്യങ്ങള്‍ പറയാനും, വൈകാരികമായ അടുപ്പമുണ്ടാക്കാനുള്ള സംസാരം- പെരുമാറ്റം എന്നിവയ്ക്കുമെല്ലാം മാതാപിതാക്കള്‍ നിര്‍ബന്ധമായും സമയം കണ്ടെത്തണം. ഇത് കുട്ടികളുടെ വളര്‍ച്ചയില്‍ ഏറെ പ്രധാനമാണെന്ന് മനസിലാക്കുക.

Back to top button
error: