CrimeNEWS

ഒളിവില്‍ കഴിയുന്ന വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ പ്രതിയായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയില്‍ വിദ്യ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച രഹസ്യമായാണു ജാമ്യാപേക്ഷ നല്‍കിയത്.

വിഷയത്തില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പോലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് അഗളി പോലീസ് പറയുന്നത്.

Signature-ad

ജോലി നേടാനായി വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസര്‍കോട് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടില്‍ നീലേശ്വരം പോലീസും അഗളി പോലീസും പരിശോധന നടത്തിയിരുന്നു.

 

Back to top button
error: