കൊച്ചി: വ്യാജരേഖക്കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.എസ്.യു. എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷത്തിലാണ് വിദ്യ ഒളിവില്കഴിയുന്നതെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
”എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷണമില്ലാതെ കെ. വിദ്യയ്ക്ക് ഇത്രയേറെ ദിവസം ഒളിവില്‍ കഴിയാന്‍ സാധിക്കില്ല. അവര്‍ എറണാകുളത്ത് തന്നെയുണ്ടെന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന വിവരം. പോലീസിന് അവര്‍ക്ക് അടുത്തെത്താന്‍ സാധിക്കുന്നില്ല. അതിനര്‍ഥം എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റേയും കൃത്യമായ സംരക്ഷണവലയത്തില്‍ കഴിയുകയാണെന്നാണ്”, കെ.എസ്.യു. പ്രസിഡന്റ് ആരോപിച്ചു.
ആര്‍ഷോയുടെ പരാതിയില്‍ തനിക്കെതിരേ കേസെടുത്ത കേരളാ പോലീസിന്റേത് പ്രതികാരനടപടിയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിദ്യയെ കണ്ടത്താന്‍ പോലീസിന് സാധിക്കാത്തതില്നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേസെടുത്തത്. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ശുഷ്കാന്തി ഈ കേസില്‍ കാണിക്കുന്നത് വ്യാജരേഖ ചമച്ച കേസില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമായി നോക്കിക്കാണുകയാണ്. ശക്തമായ നിയമപോരാട്ടവമുണ്ടാകും. കോടതിയില്‍ നേരിടുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
”രാഷ്ട്രീയസമരവുമുണ്ടാവും. വിദ്യയുടെ വ്യാജരേഖ ചമച്ച കേസിലാണ് കെ.എസ്.യു. കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിദ്യയെ കണ്ടെത്തുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്യാമ്പയിന് കെ.എസ്.യു. ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തനിക്കെതിരേയടക്കം എഫ്.ഐ.ആര്. ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിദ്യയെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ആവശ്യം”, അലോഷ്യസ് വ്യക്തമാക്കി.