കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ ചെലവ് കുറഞ്ഞ മരുന്നിന്റെ പരീക്ഷണം ഫലപ്രദം.
തമിഴ്നാട് വിരിഞ്ചിപുരം കാര്‍ഷിക ഗവേഷണ കേന്ദ്രം സസ്യങ്ങളില്‍ നിന്ന് വികസിപ്പിച്ച മരുന്നിന്റെ മണമാണ് പന്നികളെ തുരത്തുന്നത്.മനുഷ്യര്‍ക്ക് മണം അനുഭവപ്പെടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
വളരെ ചെലവ് കുറഞ്ഞ ദ്രവരൂപത്തിലുള്ള ‘ജൈവ വികര്‍ഷിണി’ എന്ന മരുന്നാണ് ഇത്.കൃഷിയിടത്തിന് ചുറ്റും രണ്ടരയടി പൊക്കത്തില്‍ വേലി പോലെ കമ്ബുകള്‍ സ്ഥാപിക്കും.അവയില്‍, തറയില്‍ നിന്ന് ഒന്നരയടി ഉയരത്തില്‍ കെട്ടുന്ന കമ്ബിയില്‍ പത്തടി അകലത്തില്‍ അഞ്ച് മില്ലി വീതം മരുന്ന് ചെറിയ കുപ്പികളിലാക്കി തൂക്കിയിടണം.കുപ്പിക്കഴുത്തിന് താഴെ, വശങ്ങളിലായി നാല് ദ്വാരങ്ങളിട്ട് രണ്ടെണ്ണം വഴി നൂല് കടത്തിയാണ് തൂക്കേണ്ടത്.ദ്വാരങ്ങള്‍ വഴി മണം വ്യാപിക്കും.
തമിഴ്നാട്ടിലും ആന്ധ്രയിലെ ചിലയിടങ്ങളിലും മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ധാരാളം കര്‍ഷകര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ‘ഒല്ലൂര്‍ കൃഷിസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ പന്നിശല്യം രൂക്ഷമായ നടത്തറയിലെ കൃഷിയിടങ്ങളില്‍ മരുന്ന് പ്രയോഗിച്ചിരുന്നു.പിന്നീട് പന്നികള്‍ കൃഷി നശിപ്പിച്ചിട്ടില്ലെന്ന് മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. മരുന്ന് ഫലപ്രദമായതിനെ തുടര്‍ന്ന് ഇപ്പോള്‍ മറ്റ് പലസ്ഥലങ്ങളിലും കര്‍ഷകർ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.